കണക്കില്ല, തൊഴിൽരഹിതർക്ക്; തൊഴിൽരഹിത വേതനം നൽകുന്നത് 1067 പേർക്ക്, എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോലി കാത്ത് 23.25 ലക്ഷം പേർ
text_fieldsകൊച്ചി: സംസ്ഥാനത്തെ തൊഴിൽരഹിതരെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്. നാഷനൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പ് സംസ്ഥാനത്തെ തൊഴിൽരഹിതരുടെ കണക്കെടുപ്പ് നടത്തുകയോ മറ്റ് വിവരശേഖരണം നടത്തുകയോ ചെയ്യുന്നില്ല. അതിനാൽ ഇത്തരമൊരു വിവരം ലഭ്യമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ തൊഴിൽരഹിതരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് നിയമംമൂലം നിർബന്ധമില്ല. രജിസ്റ്റർ ചെയ്തവരെല്ലാം തൊഴിൽരഹിതരാകണമെന്നുമില്ല. നാളിതുവരെ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആകെ 23,25,928 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 8,39,664 പുരുഷന്മാരും 14,86,245 സ്ത്രീകളുമുണ്ട്. പ്രതിമാസം 120 രൂപ എന്ന കണക്കിൽ ആറുമാസത്തിലൊരിക്കലാണ് തൊഴിലില്ലായ്മ വേതനം നൽകുന്നത്. ഇതിന് ആകെ 1,28,040 രൂപ ചെലവാകും. 1067 പേരാണ് ഗുണഭോക്താക്കൾ. നിലവിൽ ആറുമാസത്തെ വേതനം വിതരണം ചെയ്യാനുണ്ട്.
കൊച്ചിയിലെ പ്രോപർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം, കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം 5,16,320 ആണെന്ന് ആവാസ് പദ്ധതി രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാൾ -2.10 ലക്ഷം, അസം -87,087, ഒഡിഷ -56,242, തമിഴ്നാട് -36,122, ഝാർഖണ്ഡ് -27,072, ഉത്തർപ്രദേശ് -19,414 എന്നിങ്ങനെ നീളുന്നതാണ് കണക്കുകൾ.
തൊഴിൽരഹിത വേതനം നൽകുന്നതിനുള്ള മാനദണ്ഡം
വിദ്യാർഥികളല്ലാത്തവരും എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായവരുമായിരിക്കണം.
പട്ടികജാതി-വർഗ വിഭാഗക്കാരായ അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സാകണമെന്നില്ല, പരീക്ഷക്ക് ഹാജരായാൽ മതിയാകും.
വാർഷിക കുടുംബ വരുമാനം 12,000 രൂപയിൽ കവിയരുത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18 വയസ്സിനുശേഷം തുടർച്ചയായി മൂന്നുവർഷം തൊഴിലൊന്നും ലഭിക്കാതെ രജിസ്ട്രേഷൻ നിലനിർത്തുന്നവരാകണം (ഭിന്നശേഷിക്കാർക്ക് രണ്ടുവർഷത്തെ രജിസ്ട്രേഷൻ മതിയാകും).
അപേക്ഷിക്കുന്ന ദിവസം 35 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരാകണം.
തൊഴിൽരഹിത വേതന അപേക്ഷ
ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലാണ് നൽകേണ്ടത്. പ്രാഥമിക പരിശോധന നടത്തി അർഹരുടെ ലിസ്റ്റും അപേക്ഷയുടെ രണ്ട് പകർപ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നൽകും. അവിടെ രജിസ്ട്രേഷൻ പരിശോധനയും നടത്തി അർഹരുടെ ലിസ്റ്റും അപേക്ഷയുടെ പകർപ്പും തദ്ദേശ സ്ഥാപനങ്ങൾക്ക് തിരികെ നൽകും. അവിടെനിന്ന് ഉദ്യോഗാർഥിയെ വിവരം അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളാണ് തൊഴിൽരഹിത വേതനം വിതരണം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.