ചർച്ച പരാജയം; 108 ആംബുലൻസ് ജീവനക്കാർ ഇന്നു പണിമുടക്കും
text_fieldsആറ്റിങ്ങൽ: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ നടത്തിവന്ന സമരം രണ്ടാംഘട്ടത്തിലേക്ക്. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംേപ്ലായീസ് യൂനിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ജീവനക്കാർ സർവിസുകൾ നിർത്തിവെച്ച് പണിമുടക്കും. മാസവും ഏഴാം തീയതിക്കുമുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസ് കമ്പനിക്കെതിരെയാണ് പണിമുടക്കുന്നത്. സർക്കാറിന്റെ ഇടപെടൽ ഉറപ്പുവരുത്താൻ സർവിസ് നിർത്തിവെച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞദിവസം കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമുണ്ടായില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 3.84 കോടി രൂപ കമ്പനിക്ക് നൽകിയിരുന്നു. 54 ലക്ഷം കൂടി നൽകാമെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ അറിയിച്ചിട്ടും കമ്പനി നിഷേധനിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു. നിപ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കമ്പനിയുമായി നടന്ന ചർച്ചയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജീസ്, വൈസ് പ്രസിഡന്റുമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, കെ.സി. ശ്രീകുമാർ, ജാക്സൻ ജേക്കബ്, ട്രഷറർ സജിൻ മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.