മാതാപിതാക്കളുടെ കൺമുന്നിൽ മകൾ കിണറ്റിൽ ചാടി മരിച്ചു
text_fieldsകൊട്ടാരക്കര: രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തിയതിനെ തുടർന്ന് വിദ്യാർഥിനി കണറ്റിൽ ചാടി മരിച്ചു. പുത്തൂർ പൊരീക്കൽ ഇടവട്ടത്ത് നീലിമ ഭവനിൽ ഷാൻകുമാർ -ഉഷ ദമ്പതികളുടെ മകൾ നീലിമ(16)യാണ് മാതാപിതാക്കളുടെ കൺമുന്നിൽ ജീവനൊടുക്കിയത്.
പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.വി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് നീലിമ. തിങ്കളാഴ്ചയോടെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് അവസാനിച്ചിരുന്നു. എന്നാൽ, നീലിമയും കൂട്ടുകാരികളും സ്കൂളിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി.
സ്കൂളിന് സമീപത്തെ മഹാദേവ ക്ഷേത്രത്തിൽ ഇവരെ കണ്ട നാട്ടുകാർ സ്കൂളിൽ വിവരം അറിയിച്ചു. തുടർന്ന് അധ്യാപകർ സ്ഥലത്തെത്തി ഇവരെ സ്കൂളിലേക്ക് കൊണ്ടുപോവുകയും രക്ഷാകർത്താക്കളെ വിളിച്ച് വരുത്തുകയും ചെയ്തു. ഇനി പരീക്ഷക്ക് വന്നാൽ മതിയെന്ന് പറഞ്ഞ് ഇവരെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. തുടർന്ന് നീലിമയും മാതാപിതാക്കളും മടങ്ങുന്നതിനിടെ വീടെത്താൻ ഏതാനും മീറ്ററകലെയുള്ള കിണറ്റിൽ ചാടുകയായിരുന്നു.
ധാരാളം വെള്ളമുള്ള കിണറ്റിൽനിന്ന് കുട്ടിയെ രക്ഷിക്കാൻ കഴിയാതെ അച്ഛനുമമ്മയും നിസ്സഹായരായി നിന്നു. ഒടുവിൽ, കുണ്ടറയിൽനിന്ന് ഫയർഫോഴ്സ് എത്തി ഏറെ ശ്രമകരമായാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. എഴുകോൺ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.