എം.എൽ.എ ചെയർമാനായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 11 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsചെറുവത്തൂർ: എം.സി. കമറുദ്ദീൻ എം.എൽ.എ ചെയർമാനായ ജ്വല്ലറി ഇടപാട് കേസിൽ ചന്തേര പൊലീസ് 11 കേസുകൾ രജിസ്റ്റർ ചെയ്തു. 800ഓളം നിക്ഷേപകരിൽനിന്ന് 132 കോടി രൂപ സമാഹരിച്ച സംഭവത്തിൽ പരാതികൾ ഉയർന്നതോടെ കേസ് ജില്ല ക്രൈംബ്രാഞ്ചിനു കൈമാറി. കാസർകോട്, ഉദുമ സ്റ്റേഷനുകളിലും പരാതികളുണ്ട്. കാസർകോട് ജില്ല പൊലീസ് സൂപ്രണ്ടിെൻറ കീഴിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. ജ്വല്ലറിയിൽ ഡയറക്ടർമാരായ 15 പേരും കേസിൽ പ്രതികളാകും. 2003ലാണ് ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ എന്ന പേരിൽ ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്.
മഞ്ചേശ്വരം എം.എൽ.എ ചെയർമാനായ കമ്പനിയിൽ തൃക്കരിപ്പൂരിലെ ടി.കെ. പൂക്കോയ തങ്ങളും ചേർന്നാണ് നിക്ഷേപം സ്വീകരിച്ചത്. 2017 മുതൽ നഷ്ടത്തിലായിരുന്ന ജ്വല്ലറിയിൽ 2019 ജൂണിൽ വരെ മുദ്രപത്രത്തിൽ കരാർ എഴുതി ഒപ്പിട്ടു നൽകി ലക്ഷങ്ങൾ സമാഹരിച്ചതായാണ് ആരോപണം.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൽ ഷുക്കൂർ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം), മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുൽ റഹിമാൻ (15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ.എം. മഹമൂദ്, കദീജ (10 ലക്ഷം), കെ.സി. അബ്ദുൽ റസാഖ് (10 ലക്ഷം), തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനി എ. ഷാഹിദ (മൂന്നു ലക്ഷം), കാങ്കോലിലെ കെ. സുബൈദ (അഞ്ചു ലക്ഷം), തൃക്കരിപ്പൂർ തങ്കയത്തെ സി.കെ. അബ്ദുൽ റഹിമാൻ (ഏഴു ലക്ഷം), കവ്വായിലെ എം.ടി.പി. ഇല്യാസ് (ആറു ലക്ഷം), കാങ്കോൽ നോർത്തിലെ അബ്ദുൽ ഖാദർ (എട്ടു ലക്ഷം) എന്നീ 11 പേരുടെ പരാതിയിലാണ് ചന്തേര പൊലീസ് കേെസടുത്തത്.
ഫാഷൻ ഗോൾഡിെൻറ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ ജനുവരിയിൽ അടച്ചുപൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി.
ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്റസ അധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ മുമ്പ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.