കേരളത്തിലെ 11 ദൂരദർശൻ സംപ്രേഷണ കേന്ദ്രങ്ങൾ പൂട്ടുന്നു
text_fieldsകോട്ടയം: കേരളത്തിലെ 11 എണ്ണം ഉൾപ്പെടെ രാജ്യത്തെ 412 ദൂരദർശൻ സംപ്രേഷണ കേന്ദ്രങ്ങൾ ഇല്ലാതാവുന്നു. അനലോഗ് സാങ്കേതിക വിദ്യ കാലഹരണപ്പെട്ടതെന്ന കാരണം പറഞ്ഞാണ് ഈ കേന്ദ്രങ്ങൾ പൂട്ടുന്നത്. കേരളത്തിൽ മൂന്നുഘട്ടങ്ങളിലായി നടത്തപ്പെടുന്ന അടച്ചുപൂട്ടൽ 2022 മാർച്ച് 31 ന് പൂർത്തിയാക്കാനാണ് ഉത്തരവിറക്കിയിരിക്കുന്നത്.
കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, കൊച്ചി, പത്തനംതിട്ട നിലയങ്ങൾ 2021 ഒക്ടോബർ 31 നും അട്ടപ്പാടി, ഷൊർണ്ണൂർ, കൽപറ്റ എന്നിവ ഡിസംബർ 31നും ഇടുക്കി, പാലക്കാട്, മലപ്പുറം 2022 മാർച്ച് 31നും അടച്ചുപൂട്ടും. നിലവിൽ ദൂരദർശൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ അളവും വിപണി വിലയും അറിയിക്കണമെന്ന് ഉത്തരവിലുണ്ട്.
കൊച്ചിയിൽ സീപോർട്ട് എയർപോർട്ട് റോഡരികിൽ 2.8 ഏക്കർ സ്ഥലത്താണ് ദൂരദർശൻ കേന്ദ്രമുള്ളത്. ലഡാക്ക്, ജമ്മു, സിക്കിം, ആന്തമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് നിർദേശം.
2023 വരെ അനലോഗ് സംപ്രേഷണത്തിന് ട്രായിയുടെ അനുമതിയുണ്ടെന്നിരിക്കെയാണ് ബദൽ സംവിധാനങ്ങളൊന്നും ഒരുക്കാതെയുള്ള പൂട്ടൽ.
രാജ്യത്ത് ഇതുവരെ 20 സ്റ്റേഷനുകൾ പൂട്ടിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരെ എന്തുചെയ്യണമെന്ന കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. രാജ്യമൊട്ടാകെ 8000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരെ ഉടനടി ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. കേരളത്തിലെ 100 ജീവനക്കാരെ അടച്ചുപൂട്ടൽ ബാധിക്കും. അവശ്യ സർവീസ് ആയതിനാൽ ജീവനക്കാർക്ക് സംഘടിക്കാനോ പ്രതിഷേധിക്കാനോ അനുവാദമില്ല.
രാജ്യത്തിെൻ്റ സുരക്ഷക്ക് ഏറെ അത്യന്താപേക്ഷിതമാണ് ഭൂതലസംപ്രേഷണം. പ്രകൃതി ദുരന്തങ്ങളിൽ മറ്റെല്ലാ വാർത്താവിനിമയമാർഗങ്ങളും തകർച്ച നേരിടുമ്പോൾ ബാധിക്കപ്പെട്ടവർക്ക് അപ്പോൾ അപ്പോൾ വിവരങ്ങൾ എത്തിക്കാൻ ദൂരദർെൻ്റയും ആകാശവാണിയുടേയും ഭൂതലസംപ്രേഷണങ്ങൾ നേരിട്ടനുഭവിച്ചവരാണ് കേരളജനത. കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയാൽ നിരന്തരം തടസ്സപ്പെടാവുന്ന, ശത്രുരാജ്യങ്ങൾക്ക് എളുപ്പത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാവുന്ന ഉപഗ്രഹതല സംേപ്രഷണം ഒരിക്കലും ഭൂതലസംപ്രേഷത്തിന് പകരമാവില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഭൂതലസംപ്രേഷണത്തിന് ഉപയോഗിക്കുന്ന ഫ്രീക്വൻസി സ്പെക്ട്രം 5ജിക്കായി ലേലം ചെയ്ത് വിൽക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണം ഉണ്ട്.
700 മെഗാഹെട്സിൽ താഴെയാണ് ദൂരദർശൻ ഉപയോഗിക്കുന്നത്. ഇത് ലഭിക്കാനായി വൻകിട കമ്പനികൾ സമ്മർദം ചെലുത്തുന്നുണ്ടെന്നും അവർ ആരോപിക്കുന്നു. ഭൂതലസംപ്രേഷണ നിലയങ്ങൾ പൂട്ടുന്നതോടെ അട്ടപ്പാടി, ഇടുക്കി തുടങ്ങി വിദൂരയിടങ്ങളിലെ പ്രേക്ഷകരാവും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുക.
ദൂരദർശൻ ലഭിക്കണമെങ്കിൽ കേബിൾ ടി.വിയെയോ ഡി.ടി.എച്ചിനെയോ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.