പ്രതിഷേധിച്ച 11 പേർകൂടി അറസ്റ്റിൽ; പിടിമുറുക്കി ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും ലക്ഷദ്വീപിനുമേൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഭരണകൂടം മുന്നോട്ട്. കപ്പൽ, വ്യോമ യാത്ര സർവിസുകളിലും തുറമുഖത്തും പിടിമുറുക്കാൻ പുതിയ നിയമം കൊണ്ടുവരാനാണ് ആലോചന. ഇതോടെ ലക്ഷദ്വീപിലേക്കുള്ള സഞ്ചാരം ഇനി എളുപ്പമാകില്ല. യാത്രാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങളിൽ പുതിയ മാനദണ്ഡം കൊണ്ടുവരാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിയമത്തിെൻറ കരട് തയാറാക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട ആറംഗ സമിതിയെ നിയമിച്ച് ഉത്തരവായി.
ഷിപ്പിങ് അസിസ്റ്റൻറ് എൻജിനീയർ ചെയർമാനായ സമിതിയിൽ സപ്ലൈ, ട്രാൻസ്പോർട്ട് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരിക്കും കോചെയർമാൻ. ഓപറേഷൻ, ഏവിയേഷൻ അസിസ്റ്റൻറ് ഡയറക്ടർമാരും രണ്ട് പോർട്ട് അസിസ്റ്റൻറുമാരും ഉൾപ്പെടുന്നതാണ് സമിതി. ഇതിനിടെ, ലക്ഷദ്വീപിലേക്കുള്ള നിലവിലെ യാത്രക്കും കർശന നിയന്ത്രണമേർപ്പെടുത്തി.
നിലവിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റിെൻറ അനുമതിയോടെ കൊച്ചി അഡ്മിനിസ്ട്രേഷൻ ഓഫിസിൽനിന്ന് പെർമിറ്റ് വാങ്ങി യാത്ര സാധ്യമായിരുന്നു. എന്നാൽ, ഇനി അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിെൻറ അനുമതിയുണ്ടെങ്കിെല പെർമിറ്റ് ലഭിക്കൂ. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇപ്പോൾ ദ്വീപിലുള്ളവരുടെ പെർമിറ്റ് ഒരാഴ്ച വരെ നീട്ടാം. ഇത് പൂർത്തിയാകുമ്പോൾ തുടരാനുള്ള അനുമതി റദ്ദാകുമെന്നും വീണ്ടും നീട്ടിലഭിക്കണമെങ്കിൽ അഡീഷനൽ മജിസ്ട്രേറ്റിെന സമീപിക്കണം.
അതേസമയം, ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾക്കും കലക്ടർ അസ്കർ അലിയുടെ വിവാദ പ്രസ്താവനകൾക്കും എതിരായ പ്രതിഷേധം തുടരുകയാണ്. കിൽത്താനിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ച 11 പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യദിവസം അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്.
തുടർ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിെൻറ ഭാഗമായി നടത്തിയ സർവകക്ഷി യോഗത്തിൽ സേവ് ലക്ഷദ്വീപ് ഫോറം രൂപവത്കരിച്ചു. കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവർക്ക് നന്ദി അറിയിച്ച് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.