11 പേരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു; പ്രമുഖരെ വധിക്കാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എൻ.ഐ.എ
text_fieldsകൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നജുമുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹിയ കോയ തങ്ങൾ, കുഞ്ഞാപ്പു എന്ന കെ. മുഹമ്മദലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ഈമാസം 30 വരെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം 30ന് രാവിലെ 11ന് തിരികെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. കുറ്റകൃത്യത്തിലെ കൂടുതൽ പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ കസ്റ്റഡി അനിവാര്യമാണെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്നും എൻ.ഐ.എ ആരോപിച്ചു. പ്രതികളിൽനിന്ന് പിടികൂടിയ രേഖകളിൽനിന്ന് ഇത് വ്യക്തമാകുന്നുണ്ടെന്നും ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കസ്റ്റഡി അനിവാര്യമാണെന്നുമായിരുന്നു എൻ.ഐ.എയുടെ ആവശ്യം. അതിനിടെ, കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവെ മുദ്രാവാക്യം വിളിച്ച പ്രതികളുടെ നടപടിയെ കോടതി വിമർശിച്ചു. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും താക്കീത് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.