11 ശ്രീലങ്കൻ പൗരന്മാർ കൊല്ലത്ത് പിടിയിൽ, എത്തിയത് ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടക്കാൻ
text_fieldsകൊല്ലം: കടൽമാർഗം ആസ്ത്രേലിയയിലേക്ക് കടക്കുന്നതിനായി നഗരത്തിലെത്തിയ 11 ശ്രീലങ്കൻ വംശജർ പിടിയിൽ. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുകയായിരുന്ന സംഘം തിങ്കളാഴ്ച പുലർച്ചെ കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ റെയിഡിലാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് റെയിഡ് നടത്താൻ പെട്രോളിങ് സംഘത്തിന് നിർദേശം നൽകുകയായിരുന്നു. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള ഒമ്പത് പേരും രണ്ട് ശ്രീലങ്കൻ സ്വദേശികളുമാണ് പിടിയിലായ സംഘത്തിലുള്ളത്.
കൊല്ലം തീരത്ത് നിന്ന് ബോട്ടിൽ ആസ്ത്രേലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഏജന്‍റുമാരാണ് ഇവരെ ഇവിടെ എത്തിച്ചത്. ഏജന്റുമാരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വിവരമറിഞ്ഞ് തമിഴ്നാട് ക്യുബ്രാഞ്ച് സ്ഥലത്തെത്തി. പിടിയിലായവരെ ഈസ്റ്റ് പൊലീസും ക്യുബ്രാഞ്ചും ചോദ്യം ചെയ്തുവരികയാണ്.
ശ്രീലങ്കയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ചെന്നൈയിലെത്തിയ രണ്ടു പേരെ ഈയിടെ കാണാതായിരുന്നു. തുടർന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് വിവരം കേരള പൊലീസിന് കൈമാറി. ഈ സന്ദേശം സംസ്ഥാനത്തെ മുഴുവൻ സിറ്റി പൊലീസ് കമീഷണർമാർക്കും കൈമാറുകയായിരുന്നു. ഇതു പ്രകാരമാണ് കൊല്ലം ഈസ്റ്റ് പൊലീസ് നഗരത്തിലെ ലോഡ്ജുകളിൽ പരിശോധന നടത്തിയത്.
ലക്ഷ്മണ എന്ന ഏജന്‍റ് ആണ് പൗരന്മാരെ കൊല്ലത്തിലെത്തിച്ചത്. കേരളത്തിലെ ഏജന്‍റിനെ ബന്ധപ്പെട്ടാൽ മതിയെന്നാണ് ലക്ഷ്മണ ഇവരോട് പറഞ്ഞിരുന്നത്. കേരളത്തിലെ ഏജന്‍റിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.