മനുഷ്യക്കടത്തിന് ശ്രമം: കൊല്ലത്ത് 11 ശ്രീലങ്കൻ വംശജർ പിടിയിൽ
text_fieldsകൊല്ലം: കൊല്ലം തീരംവഴി ബോട്ടിൽ വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ നഗരത്തിലെത്തിയ 11 ശ്രീലങ്ക സ്വദേശികൾ പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽനിന്നുള്ള ഒമ്പതു പേരും സന്ദർശക വിസയിലെത്തിയ രണ്ട് ശ്രീലങ്ക സ്വദേശികളുമാണ് കൊല്ലം ചിന്നക്കടയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് പിടിയിലായത്.
ശ്രീലങ്കക്കാരായ കുച്ചവേളി തിരുകോണമല പവിത്രൻ (27), ട്രിങ്കോമാലി തിരുക്കടലൂർ സുദർശനൻ (27), വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന വാളവന്താൻ കോട്ടൈ ജദൂർസൺ (21), തിരുനെൽവേലി വെങ്കേക്കുണ്ടം കളഞ്ഞിയർ കോളനിയിൽ പ്രകാശ്രാജ് (22), വാഴവന്താൻ കോൈട്ടയിൽ അജയ് (24), മതിവണ്ണൻ (35), ക്വീൻസ് രാജ് (22), പ്രസാദ് (24), ശരവണൻ (24), ചെന്നൈ പൂലൽ കാവങ്കരയിൽ ദിനേശ്കുമാർ (36),തെങ്കാശി കടയനല്ലൂർ ഇലങ്ങ അഗതിയിൽമുഖം നവനീതൻ(24) എന്നിവരാണ് അറസ്റ്റിലായത്.
കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ് മനുഷ്യക്കടത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം ചിന്നക്കട ബീച്ച് റോഡിലുള്ള ലോഡ്ജിൽ തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ ഈസ്റ്റ് പൊലീസ് നടത്തിയ റെയ്ഡിലാണ് മൂന്ന് മുറികളിലായി താമസിച്ചിരുന്ന സംഘം പിടിയിലായത്. രണ്ടു ലക്ഷം രൂപ വീതം നൽകിയാൽ ആസ്േട്രലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്ക് ബോട്ട്മാർഗം എത്തിക്കാമെന്ന ശ്രീലങ്ക സ്വദേശിയായ ലക്ഷ്മണ എന്ന ഏജന്റിന്റെ ഉറപ്പ് വിശ്വസിച്ചാണ് സംഘം എത്തിയതത്രെ.
കൊളംബോയിൽനിന്ന് സന്ദർശക വിസയിൽ ജൂലൈ 20ന് ചെന്നൈയിലെത്തിയ ട്രിങ്കോമാലി സ്വദേശികളായ രണ്ടുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. രണ്ടു സംഘങ്ങളായാണ് ശനി, ഞായർ ദിവസങ്ങളിൽ ഇവർ കൊല്ലത്തെത്തിയത്. ശ്രീലങ്കൻ അഭയാർഥി സംഘം ജില്ലയിലെത്തിയതായി ഞായറാഴ്ച രാത്രി പത്തോടെ തമിഴ്നാട് ക്യു ബ്രാഞ്ച് കൊല്ലം സിറ്റി പൊലീസിന് അറിയിപ്പ് നൽകുകയായിരുന്നു. മൂന്നു പേരുടെ ചിത്രവും പേരും വിവരങ്ങളും ലഭിച്ചതോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ലോഡ്ജിൽ ഇവരെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.