നാലാണ്ട്; വൈദ്യുതി കവർന്നത് 1,133 ജീവൻ
text_fieldsകൊച്ചി: കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റ് മരിച്ചത് 1,133 പേർ. ഇതിൽ 90 പേർ കെ.എസ്.ഇ.ബിയിലെ സ്ഥിരം, കരാർ ജീവനക്കാരാണ്. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഷോക്കേറ്റ് മരിച്ചവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇൗ സാമ്പത്തിക വർഷം ആദ്യത്തെ മൂന്നുമാസത്തിനിടെ 87 പേർ ഷോക്കേറ്റ് മരിച്ചതായും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് വിഭാഗത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.2014 ഏപ്രിൽ ഒന്നുമുതൽ 2018 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1046 പേരും ഇൗ വർഷം ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ 87 പേരും ഷോക്കേറ്റ് മരിച്ചു. ഇവരിൽ 50 പേർ കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരും 40 പേർ സ്ഥിരം ജീവനക്കാരുമാണ്. ഇൗ കാലയളവിൽ 136 സ്ഥിരം ജോലിക്കാരടക്കം 220 കെ.എസ്.ഇ.ബി ജീവനക്കാർക്ക് വൈദ്യുതി അപകടങ്ങളിൽ പരിക്കേറ്റു.
നാലുവർഷത്തിനിടെ ഷോക്കേറ്റ് മരിച്ചവരിൽ 540 പേർ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങി ബോർഡിെൻറ സംവിധാനങ്ങളിൽനിന്ന് നേരിട്ട് ഷോക്കേറ്റവരാണ്. 565 പേർ വീട്ടിലെയും പരിസരത്തെയും വൈദ്യുതി ഉപകരണങ്ങളിൽനിന്നും മറ്റുമായി ഷോക്കേറ്റ് മരിച്ചു.ഷോക്കേറ്റ് ചാകുന്ന മൃഗങ്ങളുടെ എണ്ണവും കുറവല്ല. നാലുവർഷത്തിനിടെ 234 മൃഗങ്ങൾ ചത്തു. ലൈനുകൾക്കു സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്നതാണ് ഷോക്കേറ്റ് മരണങ്ങളിൽ ഭൂരിഭാഗവും. ഇത്തരം സംഭവങ്ങൾ കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ലൈനിനുസമീപം തോട്ടി ഉപയോഗിച്ചതിലൂടെ 2014 ഏപ്രിൽ ഒന്നിനും 2018 മാർച്ച് 31നും ഇടയിൽ 136 പേർ മരിച്ചു. 102 പേർക്ക് സാരമായി പരിക്കേറ്റു. ഇൗ വർഷം ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ മാത്രം ഇത്തരത്തിൽ മരിച്ചത് 23 പേരാണ്.
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഷോക്കേറ്റ് മരണം റിപ്പോർട്ട് ചെയ്തത്. വൈദ്യുതി വയറുകളിൽനിന്നും ഉപകരണങ്ങളിൽനിന്നും അബദ്ധത്തിൽ ഷോക്കേൽക്കുക, സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുക, ഗുണനിലവാരമില്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം, യഥാസമയം അറ്റകുറ്റപ്പണി നടത്താതിരിക്കുക എന്നിവയാണ് പ്രധാനമായും അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ പറഞ്ഞു. വൈദ്യുതി അപകടങ്ങൾ കുറക്കാൻ ബോധവത്കരണമടക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലൈനുകളിൽനിന്ന് ഷോക്കേറ്റ് മരിക്കുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബോർഡ് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.