'ഞങ്ങൾ ഗൾഫിലാണ്; കള്ളവോട്ട് ചെയ്യാൻ സാധ്യതയുണ്ട്' - ഹൈകോടതിയോട് പട്ടുവത്തെ 116 പ്രവാസികള്‍
text_fieldsതളിപ്പറമ്പ്: പട്ടുവം പഞ്ചായത്തില്‍ പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഹൈകോടതിയെ സമീപിച്ചു. വോട്ടുചെയ്യാന്‍ നാട്ടിലെത്താന്‍ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്. അഡ്വ. എം. മുഹമ്മദ് ഷാഫി മുഖേനയാണ് ഹരജി നല്‍കിയത്. കേസ് ഈ ആഴ്ച തന്നെ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 10 പ്രവാസികളും രണ്ടാം വാര്‍ഡിലെ 30 പേരും ഏഴാം വാര്‍ഡിലെ 27 പേരും പത്താം വാര്‍ഡിലെ 22 പേരും വാര്‍ഡ് 11ലെ 12 പേരും 12ാം വാര്‍ഡിലെ 11 പേരും 13ാം വാര്‍ഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തങ്ങളുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികൾ ജി.സി.സി പട്ടുവം പഞ്ചായത്ത് കെ.എം.സി.സിയുടെയും വാട്‌സ്ആപ്പ് കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഹരജി നല്‍കിയത്. ഇതിനായി വക്കാലത്ത് എംബസി അസ്റ്റസ്റ്റേഷന്‍ ഉൾപ്പെടെയുള്ള നടപടികൾ ഒന്നരമാസം മുമ്പേ അടക്കം നടത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പട്ടുവത്തെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്തതായി വിവരാവകാശ രേഖകള്‍ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിെൻറ പകര്‍പ്പുകളും ഹരജിക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തങ്ങള്‍ വേട്ടുചെയ്യാന്‍ എത്തില്ലെന്ന പ്രത്യേക സത്യവാങ്മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരെയും ഇതിനു സൗകര്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു. ഇതിനു പുറമെ ഒന്ന് രണ്ട് വാര്‍ഡുകളിലെ വോട്ടുചെയ്യാന്‍ കഴിയാത്ത 16 രോഗികളും വൃദ്ധരും വോട്ട് മറ്റുള്ളവര്‍ ചെയ്യുന്നത് തടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.