വാക്സിൻ മുടങ്ങിയത് 1.16 ലക്ഷം കുട്ടികൾക്ക്; തീവ്രയജ്ഞത്തിന് സർക്കാർ
text_fieldsതിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്ത് വാക്സിൻ മുടങ്ങിയത് 1.16 ലക്ഷം കുട്ടികൾക്ക്. 100 ശതമാനവും വാക്സിൻ നിരക്ക് രേഖപ്പെടുത്തിയിരുന്നിടത്താണ് കോവിഡ് പ്രഹരം മൂലം 93 ശതമാനമായി താഴ്ന്നത്. ഈ സാഹചര്യത്തിൽ മിഷൻ ഇന്ദ്രധനുഷ് എന്ന പേരിൽ തീവ്രവാക്സിൻ യജ്ഞത്തിന് സർക്കാർ തീരുമാനിച്ചു. രണ്ടു വയസ്സ് വരെയുള്ള 61752 കുട്ടികൾക്കും രണ്ടിനും അഞ്ചിനും മധ്യേയുള്ള 54837 കുട്ടികൾക്കുമാണ് പൂർണമായോ ഭാഗികമായോ വാക്സിൻ മുടങ്ങിയത്. പുറമെ, വാക്സിനെടുക്കാതിരുന്ന 18744 ഗർഭിണികളെ കൂടി ഉൾപ്പെടുത്തിയാണ് മൂന്നു ഘട്ടമായി വാക്സിൻ യജ്ഞം ആസൂത്രണം ചെയ്യുന്നത്. വാക്‌സിന്‍ എടുക്കാത്തതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള രോഗാതുരതയും മരണവും കുറക്കുന്നതിന് തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലയിലും നടപ്പാക്കും. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് തിരുവനന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
മൂന്നു ഘട്ടം ഇങ്ങനെ...
ഒന്നാം ഘട്ടം ആഗസ്റ്റ് ഏഴു മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും. സാധാരണ വാക്‌സിൻ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസമാണ് പരിപാടി. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെയാണ് സമയക്രമം. സംസ്ഥാനത്ത് ആകെ 10,086 സെഷൻ ഉണ്ടാവും. 289 എണ്ണം മൊബൈല്‍ സെഷനാണ്. പരിശീലനം ലഭിച്ച 4171 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിച്ചേരാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട സ്ഥലങ്ങളിലും വാക്സിൻ കേന്ദ്രമൊരുക്കും. കോവിൻ പോർട്ടൽ മാതൃകയിൽ യു വിൻ പോർട്ടൽ വഴിയാണ് വാക്സിൻ വിതരണം.
ആറു ജില്ലകൾക്ക് മുൻഗണന
എല്ലാ ജില്ലയിലും നടപ്പാക്കുന്നുണ്ടെങ്കിലും വാക്സിൻ വിതരണത്തിൽ സംസ്ഥാന-ദേശീയ ശരാശരികൾക്ക് താഴെയുള്ള തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കും.
പ്രായാനുസൃത ഡോസ് എടുക്കാന്‍ വിട്ടുപോയ 0-23 മാസം പ്രായമുള്ള കുട്ടികൾക്കും എം.ആര്‍- 1, എം.ആര്‍-2, ഡി.പി.ടി ബൂസ്റ്റര്‍, ഒ.പി.വി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ എടുക്കാന്‍ വിട്ടുപോയ രണ്ടു മുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.