12 ദിവസത്തെ കസ്റ്റഡി; നരബലിക്കേസ് പ്രതികൾ ഹൈകോടതിയിൽ
text_fieldsകൊച്ചി: നരബലിക്കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികളും ഹൈകോടതിയിൽ. പൊലീസ് മെനയുന്ന കള്ളക്കഥകൾക്ക് വ്യാജതെളിവുണ്ടാക്കാനും മർദിച്ചും ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും തെളിവുനൽകുന്ന സ്ഥിതി വിശേഷമുണ്ടാക്കാനാണുമാണ് ഇത്രയും നീണ്ട ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവർ ഹരജി നൽകിയത്.
അന്വേഷണ സംഘം നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് ചെയ്തത് മുതൽ മതിയായ നിയമസഹായമോ അഭിഭാഷകനെ കാണാനുള്ള അനുമതിയോ നൽകിയില്ല. പ്രതികളുടെയും സാക്ഷികളുടെയും വെളിപ്പെടുത്തലുകളും അന്വേഷണ വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നത് കൂടാതെ ഇല്ലാക്കഥകളും പ്രചരിപ്പിക്കുകയാണ്. പ്രതികളെ ഇത്രയും ദിവസം കസ്റ്റഡിയിൽ വാങ്ങിയത് നിർബന്ധിച്ച് തെളിവുകളുണ്ടാക്കാനും ജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കാനുമാണ്.
ഇതെല്ലാം ബോധ്യപ്പെടുത്തിയിട്ടും 12 ദിവസം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ച എറണാകുളം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധവും അനുചിതവും ക്രിമിനൽ നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണ്. അതിനാൽ, ഈ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഫേസ്ബുക്ക് അക്കൗണ്ടിൽ വിശദ പരിശോധന
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന. സൈബർ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇത്. ഈ അക്കൗണ്ടിൽനിന്ന് പലരുമായി ചാറ്റ് ചെയ്തതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് ആരൊക്കെയാണെന്ന് കണ്ടെത്താനാണ് ശ്രമം. ഷാഫി മറ്റൊരു കേസിൽ ജയിലിലായിരുന്ന സമയത്ത് അക്കൗണ്ട് സജീവമായിരുന്നുവെന്ന വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.