12 പേർക്ക് നിപ വൈറസ് ബാധയെന്ന് ആരോഗ്യ മന്ത്രി
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ മരിച്ചവരും ചികിത്സയിലുള്ളവരുമായ 18 പേരിൽ 12 പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതിൽ 12ൽ പത്തു പേർ മരിച്ചു. രണ്ടു പേര് ചികിൽസയിലാണെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
നിപ വൈറസ് ബാധയെ തുടർന്ന് ഇന്ന് രണ്ടു പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണപ്പെട്ടത്. കൂരാച്ചുണ്ട് മടമ്പിലുമീത്തൽ രാജനും ചെക്യാട് ഉമ്മത്തുർ പാറക്കടവ് തട്ടാന്‍റവിട അശോകനുമാണ് മരിച്ചവർ. 11 പേരാണ് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. ഇതിൽ ആറു പേർ നിരീക്ഷണത്തിലാണ്.
രോഗബാധയുള്ള വളച്ചുകെട്ടിയിൽ മൂസ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും അഭിൻ കോഴിക്കോട് മിംസ് ആശുപത്രിയിലും അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം മരണപ്പെട്ട പേരാമ്പ്ര ഗവ. താലൂക്കാശുപത്രി നഴ്സ് ലിനി, നടുവണ്ണൂർ തിരുവോട് സ്വദേശി ഇസ്മായിൽ, വേലായുധൻ, മലപ്പുറം ജില്ലയിൽ മരിച്ച മൂന്നിയൂർ സ്വദേശി സിന്ധു, തെന്നല സ്വദേശി ഷിജില എന്നിവർക്കും നിപ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഷിജിതയുടെ ഭർത്താവ് ഉബീഷിനെ പനി ബാധിച്ച് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ വൈദ്യുത ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
അതിനിടെ, നിപ വൈറസ് ബാധ സംബന്ധിച്ച സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പ് ഹെൽപ് ലൈൻ നമ്പർ: 1056 ഏർപ്പെടുത്തി.
അതേസമയം, നിപ വൈറൽ ബാധയിൽ മരണം റിപ്പോർട്ട് ചെയ്ത കോഴിക്കോട് േപരാമ്പ്രയിൽ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. പനിയുടെയും ജലദോഷത്തിന്‍റെയും ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാ മൃഗങ്ങളെയും വിശദമായി പരിേശാധിക്കാൻ ജില്ലാ മൃഗസംരക്ഷണ ഒാഫിസർമാർക്ക് മൃഗസംരക്ഷണ വകുപ്പ് നിർേദശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.