തെരുവുനായ് കടിച്ച് 12 പേർ ആശുപത്രിയിൽ
text_fieldsഓച്ചിറ: അക്രമാസക്തമായ തെരുവുനായ് ഓടിനടന്ന് മൂന്ന് പഞ്ചായത്തിലെ 12 പേരെ കടിച്ച് പരിക്കേൽപിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ക്ലാപ്പന ആലുംപീടിക, ഇടയനമ്പലം, ഓച്ചിറ ചങ്ങൻകുളങ്ങര വടക്ക് തെക്ക്, കുലശേഖരപുരം കടത്തൂർ എന്നീ ഭാഗങ്ങളിലാണ് തെരുവുനായ് ആളുകളെ ആക്രമിച്ചത്. കടിയേറ്റത് കൂടുതലും വയോധികർക്കാണ്. വീടിന്റെ പരിസരത്ത് നിന്നവരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ച് രക്ഷപെട്ടോടുകയായിരുന്നു.
ചങ്ങൻകുളങ്ങര സുജ ഭവനത്തിൽ ശാന്തമ്മ (75), ചങ്ങൻസന്തോഷ് ഭവനത്തിൽ സുരേഷ് (50), ചങ്ങൻകുളങ്ങര അനിൽ ഭവനത്തിൽ അനിൽകുമാർ (60), കടത്തൂർ സ്വദേശികളായ സുമതി (72), ചന്ദ്രമതി (65), ഭാരതി (68) തുടങ്ങിയ 12 പേർക്കാണ് നായുടെ കടിയേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമണം നടത്തുന്നത് പതിവാണ്. ഓച്ചിറ പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതനുസരിച്ച് കുണ്ടറയിൽനിന്നെത്തിയ ഡോഗ് ക്യാച്ചേഴ്സ് മണിക്കൂറുകൾ നടത്തിയ തിരച്ചിനിടയിൽ കുലശേഖരപുരം കടത്തൂരിൽ നിന്ന് നായെ പിടികൂടി കൊന്നു.
അഞ്ചുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷ പ്രതിരോധ മരുന്ന് അലർജി ലക്ഷണം കണ്ട ഏഴുപേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.