അരീക്കോട് തെരുവുനായുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു; നായക്ക് പേവിഷബാധയുണ്ടെന്ന് സംശയം
text_fieldsഅരീക്കോട്: അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും തെരുവുനായുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. അരീക്കോട്, താഴത്തങ്ങാടി, പുത്തലം, താഴെ കൊഴക്കോട്ടൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് തെരുവുനായുടെ ആക്രമണം ഉണ്ടായത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അരീക്കോടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറെ മാസങ്ങളായി തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റത്.
തെരുവ് നായയുടെ ആക്രമണം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നായക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി അരീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട പറഞ്ഞു. ഇരുട്ടായ ശേഷമാണ് ഇത്തരത്തിൽ ഒരു സംഭവം പുറത്തുവന്നത് അതുകൊണ്ടു തന്നെ അക്രമകാരിയായ വെള്ള നിറത്തിലുള്ള നായയെ കണ്ടത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അക്രമകാരിയായ തെരുവുനായ അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന സംശയങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നിരുന്നാലും നായ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.