ഫ്ലാറ്റ് സമുച്ചയത്തിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയത് അതിസമ്പന്നർ; 12 പേരെ തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: ഹീര വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയത്തിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ചൂതാട്ട കേന്ദ്രം നടത്തിപ്പുകാരിലൊരാളായ നോർത്ത് പറവൂർ എളന്തിക്കര സ്വദേശി ടിപ്സൺ ഫ്രാൻസിസിെൻറ ഫ്ലാറ്റിൽ ചൂതാട്ടത്തിനെത്തിയ 12 പേരെയാണ് തിരിച്ചറിഞ്ഞത്. കൊച്ചിയിലെ അതിസമ്പന്നരാണിവരെല്ലാമെന്നാണ് അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.
പത്ത് ശതമാനം കമീഷൻ വാങ്ങിയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ, ബാങ്ക് രേഖകൾപരിശോധിച്ചെങ്കിലും വലിയ സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ചൂതാട്ടത്തിെൻറ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
മോഡലുകളുടെ ദുരൂഹ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിലാണ് കൊച്ചിയിലെ ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഹീര വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയത്തിലെ 18ാം നില കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം.
ചൂതാട്ട കേന്ദ്രം കണ്ടെത്തിയതോടെ ടിപ്സൺ ഫ്രാൻസിസിനെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കി. ചൂതാട്ടത്തിെൻറ മറവിൽ മുന്തിയ മദ്യം വിളമ്പിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മദ്യ ഇടപാടുകളെ പറ്റിയും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുമ്പോൾ പിടിച്ചെടുത്ത അഞ്ച് ഗ്രാം കഞ്ചാവിെൻറ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നാർകോട്ടിക് സെൽ. കോടതിയിൽ ഹാജരാക്കിയ ടിപ്സൺ ഫ്രാൻസിസിന് ജാമ്യം കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.