നായുടെ കടിയേറ്റ പെൺകുട്ടി ഗുരുതരനിലയിൽ; പേവിഷബാധ ലക്ഷണം
text_fieldsഗാന്ധിനഗർ (കോട്ടയം): നായുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു. റാന്നി പെരുനാട് കൂനംകര ഷീല ഭവനിൽ ഹരീഷ് -രജനി ദമ്പതികളുടെ മൂത്തമകൾ അഭിരാമിയാണ് (12) കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 13ന് പാൽ വാങ്ങാൻ വീടിന് സമീപത്തെ കൂനംകര ജങ്ഷനിലേക്ക് പോകുമ്പോഴാണ് നായുടെ കടിയേറ്റത്. നായുടെ കഴുത്തിൽ തുടൽ ഉണ്ടായിരുന്നു. മുഖത്തും ഇടതുകണ്ണിനും കടിയേറ്റ കുട്ടിയെ ഉടൻ പത്തനംതിട്ട ജില്ല ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മൂന്നുതവണ പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നു.
എന്നാൽ, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആരോഗ്യനില മോശമായതിനെത്തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ കുട്ടിയുടെ ശരീരത്തിൽനിന്ന് ഉമിനീർ, കണ്ണുനീർ, നട്ടെല്ലിന്‍റെ ഭാഗത്തുനിന്ന് വെള്ളം കുത്തിയെടുത്തുള്ള പരിശോധനകളും കഴുത്തിന്‍റെ പിൻഭാഗത്തുനിന്ന് തൊലി ശേഖരിച്ചുള്ള പരിശോധനകളും നടത്തി. പേവിഷബാധയുടെ ലക്ഷണമുള്ളതിനാൽ നാല് മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു.
കണ്ണിന് അണുബാധയുണ്ടാകുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം, പുണെ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് പരിശോധനകൾ നടത്തുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. പത്തനംതിട്ട മൈലപ്ര എസ്.എച്ച് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി.
മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു
പത്തനംതിട്ട: പ്രതിരോധ കുത്തിവെപ്പുകളെടുത്തിട്ടും പേവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയുടെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചികിത്സ നൽകാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി. പത്തനംതിട്ട ജനറൽ ആശുപത്രി, പെരുനാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. നാലാമത്തെ വാക്സിൻ ഈ മാസം പത്തിന് എടുക്കാനിരിക്കെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ നില വഷളായത്.
വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
തിരുവനന്തപുരം: തെരുവുനായുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പത്തനതിട്ടയിലെ ബാലികക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്നും ചികിത്സാചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പേവിഷ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.