അടച്ചിട്ട് 12 വർഷം; മീൻമുട്ടി വെള്ളച്ചാട്ടം തുറക്കാൻ സാധ്യത
text_fieldsമേപ്പാടി: 12 വർഷമായി അടഞ്ഞുകിടക്കുന്ന മീൻമുട്ടി വിനോദ സഞ്ചാര കേന്ദ്രം, നീലിമല വ്യൂ പോയിൻറ് എന്നിവ വീണ്ടും തുറക്കാൻ വനം വകുപ്പ് ആലോചിക്കുന്നതായി സൂചന.
ഇതിന്റെ മുന്നോടിയായിട്ടാണ് പിരിച്ചുവിട്ട മീൻമുട്ടി, നീലിമല വന സംരക്ഷണ സമിതി ജനറൽ ബോഡി വിളിച്ചുചേർത്ത് സ്ഥിരം സമിതി രൂപവത്കരിച്ചതെന്ന് സൂചന. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു യോഗം.
12 വർഷം മുമ്പ് ഉണ്ടായ ഒരു സഞ്ചാരിയുടെ അപകട മരണത്തെത്തുടർന്നാണ് മീൻമുട്ടി, നീലിമല വിനോദ സഞ്ചാര കേന്ദ്രം അടച്ചിടാൻ തീരുമാനിച്ചത്. ഇതോടെ വിദേശികളടക്കം ജില്ലയിലെത്തിയിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. പല ഭാഗത്തു നിന്നും മുറവിളിയും സമ്മർദങ്ങളും ഉണ്ടായെങ്കിലും കേന്ദ്രം തുറക്കാൻ അധികൃതർ തയാറായില്ല. മനോഹരമായ മൂന്നു വെള്ളച്ചാട്ടങ്ങളാണ് മീൻമുട്ടിയുടെ ആകർഷണം. നീലിമല വ്യൂ പോയിൻറിൽ നിന്നുള്ള വിദൂര കാഴ്ചകളും സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.
നിലമ്പൂർ വന മേഖലയും ചാലിയാറിന്റെ ഉത്ഭവ സ്ഥാനമായ അരണപ്പുഴ, നീലഗിരി കന്നുകൾ, അമ്പുകുത്തി മല, സുൽത്താൻ ബത്തേരി പട്ടണത്തിന്റെയും മൂപ്പൈനാട്, അമ്പലവയൽ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ എന്നിവയൊക്കെ നീലിമലയിൽ നിന്ന് കാണാനാവും.
12 വർഷം അടച്ചിട്ടതിന് ശേഷം ഇപ്പോൾ വീണ്ടും ഇവ തുറന്നുകൊടുക്കാൻ അധികൃതർ നീക്കമാരംഭിച്ചതിന്റെ സൂചനയായിട്ടാണ് വന സംരക്ഷണ സമിതി പുന:സംഘടനയെ കാണുന്നത്. ഇതിനായി ചേർന്ന ജനറൽ ബോഡി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. റഫീഖ്, വാർഡ് അംഗം ദീപ ശശികുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ സുന്ദരേശൻ, അരവിന്ദൻ, ജീവരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സഹദേവൻ, എൻ.കെ. പ്രബീഷ്, എന്നിവർ യോഗത്തിൽ സംസാരിച്ചു.
വന സംരക്ഷണ സമിതി ഭാരവാഹികളായി സാജൻ മാത്യു (പ്രസി.), സാറാമ്മ ബോസ് (വൈസ് പ്രസി.), ജോസ് മറ്റത്തിൽ (ട്രഷ.) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സി.ജെ.അനൂപ്, അയൂബ് പള്ളിയാലിൽ, പി.എം.മാത്യു, എൽദോസ്.പി .എസ്, രജിത, ഓമന എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.