സുരക്ഷക്ക് 1200 പൊലീസുകാർ; നാളെ വൈകീട്ട് അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം
text_fieldsപാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് 1200 ഓളം പൊലീസുകാരെ സജ്ജീകരിച്ചു. എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി.
ജില്ല പൊലീസ് മേധാവി ആര്. ആനന്ദിന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് ക്രമീകരണങ്ങള്‍. ഒന്നാംതേര് ദിനത്തിൽ മൂന്ന് ഡിവൈ.എസ്.പിമാരുള്‍പ്പടെ 300 ഓളം പൊലീസുകാര്‍ സുരക്ഷചുമതലയിലുണ്ടായിരുന്നു. വ്യാഴാഴ്ച നാല് ഡിവൈ.എസ്.പിമാരുള്‍പ്പെടെ 310 പൊലീസുകാരും വെള്ളിയാഴ്ച നാല് ഡിവൈ.എസ്.പിമാരുള്‍പ്പെടെ 590 ഓളം പൊലീസുകാരും സുരക്ഷയൊരുക്കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഒലവക്കോട്-ശേഖരീപുരം-കല്‍മണ്ഡപം ബൈപാസിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. വാളയാര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗ്യാസ്ടാങ്കറുകള് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാലക്കാട്-വാളയാർ ടോള്‍ പ്ലാസയിലോ ഹൈവേയിലെ മറ്റ് പാര്‍ക്കിങ് ഭാഗത്തോ നിര്‍ത്തിയിടണം.
മറ്റ് വാഹനങ്ങള്‍, കെ.എസ്.ആര്.ടി.സി എന്നിവ മേലാമുറി-പറളി-മുണ്ടൂര്‍ വഴി പോകണം. കോഴിക്കോട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വാളയാര്‍ ഭാഗത്തേക്ക് പോകുന്ന ഗ്യാസ്ടാങ്കര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ ഭാഗത്ത് നിർത്തിയിടണം. മറ്റ് വാഹനങ്ങള്‍ മുണ്ടൂര്‍ കൂട്ടുപാത, പറളി വഴി പാലക്കാട് പ്രവേശിച്ച് കല്‍മണ്ഡപം- ചന്ദ്രനഗര്‍ വഴി പോകണമെന്ന് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.