സബ് ട്രഷറിയിൽനിന്ന് 12.10 ലക്ഷം തട്ടി; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsകഴക്കൂട്ടം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽനിന്ന് 12.10 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. സംഭവത്തിൽ അഞ്ച് ട്രഷറി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനസംഘം കണ്ടെത്തി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഇവർ കഴക്കൂട്ടം സബ് ട്രഷറി ഓഫിസർക്കും പൊലീസിലും പരാതി നൽകി. ജൂൺ മൂന്ന്, നാല് തീയതികളിലാണ് പണം പിൻവലിച്ചത്. മൂന്നിന് രണ്ട് ലക്ഷം രൂപയും നാലിന് 50,000 രൂപയും പിൻവലിച്ചു. പണം പിൻവലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നൽകിയെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. എന്നാൽ, ചെക്ക് ബുക്കിന് താൻ അപേക്ഷ നൽകിയിരുന്നിെല്ലന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറയുന്നു. ട്രഷറിയിൽ പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതത്രെ. ഇവരുടെ പരാതിയിൽ നടന്ന പരിശോധനയിലാണ് മരണപ്പെട്ട രണ്ടുപേരുടെ അക്കൗണ്ടിൽനിന്ന് പണം കവർന്നത് ശ്രദ്ധയിൽപെട്ടത്.
മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്ന് 6,70,000 രൂപയും മരണപ്പെട്ട സുകുമാരന്റെ അക്കൗണ്ടിൽ നിന്ന് 2,90,000 രൂപയുമാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സി.സി ടി.വി കാമറ ഓഫ് ചെയ്തതിനുശേഷമാണ് പണംതട്ടൽ എന്ന് കണ്ടെത്തി. കൂടുതൽപേരിൽനിന്ന് പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പുതിയ ചെക്ക് ബുക്കുകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം തട്ടിയത്. കഴക്കൂട്ടം പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പണം തട്ടിയെടുത്തത് ആരെന്ന് തെളിഞ്ഞാൽ അറസ്റ്റുൾപ്പെടെ നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.