ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാൻ 12.22 ലക്ഷം പേർ
text_fieldsമലപ്പുറം: ജില്ലയിലെ ആധാര്‍ എൻറോൾമെന്റ്, അപ്ഡേഷന് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറക്കാന്‍ സാധിച്ചതായും യോഗം വിലയിരുത്തി.
ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം (ഡിസംബര്‍) ജില്ലയില്‍ നിന്നും അപ്ഡേറ്റ് ചെയ്തത്. പത്ത് വര്‍ഷം പഴക്കമുള്ള എല്ലാ ആധാര്‍ ഉപഭോക്താക്കളും രേഖകള്‍ സമര്‍പ്പിച്ച് അപ്ഡേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം.
മൈ ആധാര്‍ പോര്‍ട്ടലിലൂടെ മാര്‍ച്ച് 14 വരെ ഗുണഭോക്താവിന് സ്വയം അപ്ഡേഷന് നടത്താനാവും. നിശ്ചിത നിരക്ക് നല്കി അക്ഷയ, പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക്, ബാങ്കുകളിലെ ആധാര്‍ സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളും പുതുക്കലും നടത്താം.
അഞ്ച് വയസ്സ് വരെ പ്രായമുള്ള 2.8 ലക്ഷം കുട്ടികളാണ് ആധാര്‍ എടുക്കാനുണ്ടായിരുന്നത്. ഇതില്‍ 1.28 ലക്ഷം കുട്ടികളും ആധാര്‍ എടുത്തിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഐ.ഡി.എ.ഐ സ്റ്റേറ്റ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി.എ.ഐ പ്രൊജക്ട് മാനേജര്‍ ശിവന്, അസിസ്റ്റന്റ് മാനേജര്‍ കൃഷ്ണേന്ദു, അക്ഷയ ജില്ല പ്രൊജക്ട് മാനേജര്‍ പി.ജി. ഗോകുല്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫീല്‍ഡ് വെരിഫിക്കേഷന് പൂര്‍ത്തീകരിക്കണം
മലപ്പുറം: ആദ്യമായി ആധാര്‍ എടുക്കുന്ന, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 15 ദിവസത്തിനകം ഫീല്‍ഡ് വെരിഫിക്കേഷന് നടപടികള്‍ക്ക് വിധേയമാകണമെന്ന് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എന്‍.എം മെഹറലി അറിയിച്ചു. ബന്ധപ്പെട്ട വില്ലേജ്, താലൂക്ക് ഓഫിസുകളിലാണ് അസ്സല് രേഖകളുമായി വെരിഫിക്കേഷന് ഹാജരാകേണ്ടത്. വിദേശത്ത് പോകുന്നവർ, ഭിന്നശേഷിക്കാർ എന്നിവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.