ഗവർണറുടെ വിരുന്നിന് 20 ലക്ഷം; നാലുദിവസത്തിനിടെ രാജ്ഭവന് അനുവദിച്ചത് 1.25 കോടി
text_fieldsതിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി സംസ്ഥാനസർക്കാർ കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതിൽ നാളെ നടക്കുന്ന വിരുന്നിന് മാത്രമായി 20 ലക്ഷം രൂപ അനുവദിച്ചു.
ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകൾക്കായി നൽകി. റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ നടത്താൻ 20 ലക്ഷംരൂപയും അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോൺ, വൈദ്യുതി ചിലവുകൾക്കുമായി നൽകി ഉത്തരവിറക്കി.
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് വ്യാഴാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവർണർ വിട്ട് കളഞ്ഞാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവനായി സഭാ രേഖയുടെ ഭാഗമാകും. ജനു. 29, 30, 31 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കുശേഷം ഫെബ്രുവരി അഞ്ചിന് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ നേരത്തേ പിരിയാനും സാധ്യതയുണ്ട്. സർക്കാറും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായി നിൽക്കെ, സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
ലോക്സഭ തെരഞ്ഞെടുപ്പ് വേള കൂടിയായതിനാൽ ഭരണ-പ്രതിപക്ഷ പോരിന് വീര്യം കൂടും. 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവയാണ് സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.