12,694 പേർക്ക് പനി; 55 പേർക്ക് ഡെങ്കിപ്പനി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 12694 പേർകൂടി പനി ബാധിച്ച് ചികിത്സതേടി. തലസ്ഥാനത്ത് രണ്ട് പനി മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് 2192 ഉം കോഴിക്കോട് 1497 ഉം കണ്ണൂരിൽ 1093 ഉം എറണാകുളത്ത് 1065 ഉം തിരുവനന്തപുരത്ത് 812 ഉം പേർക്കാണ് പനിബാധ. 240 പേർ കിടത്തി ചികിത്സക്കും വിധേയമായി. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ; 25 പേർ. തൃശൂരിൽ 11 നും മലപ്പുറത്ത് ആറും പത്തനംതിട്ടയിലും ആലപ്പുഴയിലും നാലുവീതവും കേസുണ്ട്. മൂന്നു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് രണ്ടും ആലപ്പുഴയിൽ ഒന്നും. മൂന്നു പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തു.
എലിപ്പനിക്കേസുകൾ ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പ്
മഴ ശക്തമായതോടെ എലിപ്പനിക്കേസുകൾ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 627 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 32 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും കലരുന്നതാണ് ഭീഷണി. എലിമാളങ്ങളില്‍ വെള്ളം കയറുന്നതോടെ ഇവ പുറത്തേക്ക് വരികയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ട് നിറയുകയും ചെയ്യും. കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മാസമെങ്കിലും എലിപ്പനി രോഗാണു ഭീഷണി നിലനില്ക്കും. ഇത് കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ജൂണിൽ 166 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് മരണവുമുണ്ടായി. 261 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുമുണ്ട്. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തൊഴിലുറപ്പ് തൊഴിലാളികളിലാണ്. എല്ലാ ആശുപത്രിയിലും എലിപ്പനി പ്രതിരോധ ഗുളിക ലഭ്യമാക്കാൻ ഡോക്സി കോര്‍ണറുകള്‍ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. രോഗനിര്‍ണയം വേഗത്തിലാക്കാൻ ഒമ്പത് സര്‍ക്കാര്‍ ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആർ.ടി.പി.സി.ആർ പരിശോധനക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. എലിപ്പനി ബാധിച്ചവര്‍ക്ക് വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ആർ.ടി.പി.സി.ആർ പരിശോധന. രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകും. നിലവില്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും എലിപ്പനി രോഗനിര്‍ണയത്തിന് ഐ.ജി.എം എലൈസ പരിശോധന നടത്തുന്നുണ്ട്. ശരീരത്തില്‍ ബാക്ടീരിയ കടന്ന് ഏഴുദിവസം കഴിഞ്ഞാലേ ഈ പരിശോധനയിലൂടെ എലിപ്പനി കണ്ടെത്താന്‍ സാധിക്കൂ. വിവിധതരം പനികള്‍ പകരുന്നതിനാല്‍ സ്വയം ചികിത്സ പാടില്ലെന്നാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.