പൊലിഞ്ഞു വീണത് ആ 15കാരന്റെ സ്വപ്നങ്ങളാണ്
text_fieldsവെള്ളിയാമറ്റം/തൊടുപുഴ: ജീവനെക്കാൾ സ്നേഹിച്ച് വളർത്തിയ 13 പശുക്കളുടെ ജീവനറ്റദേഹത്തിനരികിലിരുന്ന് ആ 15കാരൻ പൊട്ടിക്കരയുന്ന കാഴ്ച ചങ്കുപിളർക്കുന്നതായിരുന്നു. മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ പശുക്കളുടെ ജീവനെടുത്തത് തീറ്റയായി നൽകിയ കപ്പത്തണ്ടിലെ സയനൈഡ് വിഷം.
പുതുവത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ട് പുറത്തുപോയ കുടുംബാംഗങ്ങള്‍ രാത്രി എട്ടോടെ തിരിച്ചുവന്ന് ഫാമിലെ 22 പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഏതാനും സമയം കഴിഞ്ഞ് പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നുവീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടർന്നെത്തിയ വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. ഗദ്ദാഫി, ഡോ. ക്ലിന്റ്, ഡോ. സാനി, ഡോ. ജോര്‍ജിന് എന്നിവര്‍ മരുന്ന് നല്‍കിയെങ്കിലും അതിനകം 13 പശുക്കള്‍ ചത്തിരുന്നു. ഇവയിൽ എട്ടെണ്ണം ഗർഭമുള്ളവയായിരുന്നു .ഒമ്പത് പശുക്കളെ മറുമരുന്ന് നൽകി രക്ഷിക്കാനായി. പശുക്കളെ ഇൻഷുർ ചെയ്തിരുന്നില്ല.
ക്ഷീരകർഷകനായിരുന്ന പിതാവ് ബെന്നിയുടെ മരണത്തോടെ പശുക്കളെ വിൽക്കാനൊരുങ്ങിയ അമ്മ ഷൈനി മകനു വേണ്ടി തീരുമാനം മാറ്റുകയായിരുന്നു.പിതാവ് പഠിപ്പിച്ച പാഠങ്ങളുമായി രണ്ടു വർഷം മുൻപ് തൊഴുത്തിൽ കയറിയ മാത്യുവിന്റെ സമർപ്പണമാണ് അവനെ മികച്ച ക്ഷീരകർഷകനാക്കി മാറ്റിയത്. രണ്ടുവർഷം കൊണ്ട് പശുക്കളുടെ എണ്ണം 22 ആയി.
ഇതിനിടെ, മാത്യുവിനെ തിരിച്ചറിഞ്ഞ മന്ത്രി ചിഞ്ചുറാണിയടക്കമുള്ളവർ സഹായ വാഗ്ദാനവുമായി എത്തി. മിൽമ തൊഴുത്ത് നിർമിച്ചുനൽകാമെന്ന് ഏറ്റു. ഇവരുടെ നിർദേശം അനുസരിച്ച് പലരിൽനിന്നും ആറ് ലക്ഷം രൂപയോളം വായ്പ വാങ്ങി തൊഴുത്ത് നിർമിച്ചെങ്കിലും ഒന്നര ലക്ഷം രൂപ മാത്രമാണ് മിൽമയിൽ നിന്ന് ലഭിച്ചത്.
നാട് ആഘോഷത്തിലമർന്നപ്പോൾ മാത്യുവിന് വേദനയാണ് പുതുവർഷം സമ്മാനിച്ചത്. വിവരമറിഞ്ഞ് പി.ജെ. ജോസഫ് എം.എൽ.എ വീട്ടിലെത്തി. മന്ത്രി ചിഞ്ചുറാണിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാത്യുവിനെ ഫോണിൽ വിളിച്ച് സഹായങ്ങൾ ഉറപ്പുനൽകി. മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, മിൽമ ചെയർമാൻ എന്നിവർ ഇന്ന് മാത്യുവിന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.