വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ
text_fieldsകോഴിക്കോട്: നവംബർ 13ന് നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി), സർവിസ് ഐ.ഡി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻ.പി.ആർ-ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി/എം.എൽ.എ/എം.എൽ.സിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നത്.
തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു
വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ല കലക്ടർ ഡ്രൈഡേ പ്രഖ്യാപിച്ചത്. നവംബർ 11 വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകീട്ട് ആറുവരെ തിരുവമ്പാടി മണ്ഡലം ഉൾപ്പെടെ വയനാട് ലോക്സഭ മണ്ഡല പരിധിയിൽ ഡ്രൈഡേ ആയിരിക്കും.
വോട്ടെണ്ണുന്ന നവംബർ 23നും ഡ്രൈഡേ ആയിരിക്കും. അന്നേ ദിവസം പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരിവസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കൂടാതെ മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കും.
പൊതുഅവധി പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ മറ്റ് നിയോജക മണ്ഡലങ്ങൾ, ചേലക്കര മണ്ഡലം എന്നിവിടങ്ങളിൽ വോട്ടുള്ളവരും എന്നാല്‍, മണ്ഡലത്തിന് പുറത്ത്, കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.