Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറളം ഫാമിൽ ആനയുടെ...

ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 13 പേർ; 22 കോടിയുടെ ആനമതിൽ ചുവപ്പ് നാടയിൽ

text_fields
bookmark_border
ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 13 പേർ; 22 കോടിയുടെ ആനമതിൽ ചുവപ്പ് നാടയിൽ
cancel

കോഴിക്കോട്: കണ്ണൂരിലെ ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 13 പേർ, ആനമതിൽ ഇപ്പോഴും സർക്കാറിന്റെ ചുവപ്പ് നാടയിൽ. മരിച്ചതിൽ 12 പേരും ആറളം പുനരധിവാസ കേന്ദ്രത്തിലെത്തിയ ഭൂരഹിതരായ ആദിവാസികളാണ്. ഒരാൾ പുറത്തുനിന്ന് കള്ള് ചെത്താനെത്തിയ തൊഴിലാളിയാണ്.

കേന്ദ്ര സർക്കാരിൽനിന്ന് ഫാം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമ്പോൾ വനഭൂമിയുമായി വേർതിരിക്കുന്ന ഫെൻസിങ്ങ് ഉണ്ടായിരുന്നു. ഫാം ഭൂമി ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം കൈവശരേഖ നൽകാൻ തീരുമാനിച്ചതോടെയാണ് ഫെൻസിങ് തകർന്നത്. ഫാമിങ് കോർപറേഷന്റെ ഭൂമി പൈനാപ്പിൾ കൃഷിക്ക് കരാർ നൽകിയതിന് തുടർന്ന് ആനകൾ കൂട്ടത്തോടെ പൈനാപ്പിളിനായി ജനവാസ മേഖലയിലേക്കെത്തി.

സർക്കാർ സ്വീകരിച്ച പ്രതിരോധ രീതികളെല്ലാം ആനകൾ മറികടന്നു. ഒടുവിൽ ആന പ്രതിരോധമതിൽ നിർമിക്കുന്നതിന് വിദഗ്ധ സമിതി ശിപാർശ നൽകി. പ്രതിരോധ മതിൽ നിർമിക്കുന്നതിനൊപ്പം ഹാംഗിങ് സോളാർ പവർ ഫെൻസിങ്, ട്രെഞ്ചിങ് തുടങ്ങിയ സംവിധാനങ്ങൾ കൂടി ഒരുക്കാനായിരുന്നു തീരുമാനം.

ആന പ്രതിരോധമതിൽ നിർമിക്കുന്നതിന് 2020 മാർച്ചിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 22 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു. അതനുസരിച്ച് പട്ടികവർഗ വകുപ്പ് ഭരണാനുമതിയും നൽകി. എന്നാൽ ഊരാളുങ്കൽ മതിൽ നിർമാണം ഏറ്റെടുക്കാൻ തയാറായില്ല. പദ്ധതി അതോടെ കട്ടപ്പുറത്തായി. 2021 സെപ്റ്റംബറിൽ ആനപ്രതിരോധ മതിൽ നിർമാണം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ച് പട്ടികവർഗ വകുപ്പ് ഉത്തരവിറക്കി.

അടങ്കൽ തുകയുടെ 50 ശതമാനം 11 കോടി ആദ്യഗഡുവായി പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച് ഉത്തരവിട്ടു. തലശേരി ഡിവിഷണൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 11 കോടി നൽകി. മതിൽ നിർമാണം ഇഴയുമ്പോൾ ഫാമിലെത്തുന്ന ആനകൾ ആദിവാസികളുടെ ജീവനെടുക്കുകയാണ്. സംസ്ഥാനത്ത് വനമേഖലയോട് ചോർന്ന് കിടക്കുന്ന മറ്റെവിടെയും ആനയുടെ ആക്രമണമുണ്ടായാൽ വലിയ പ്രതിഷേധം ഉയരും. എന്നാൽ, ആറളത്ത് മരിക്കുന്നത് ആദിവാസികളായതിനാൽ പ്രതിഷേധമില്ലാതാകുന്നു. സർക്കാർ നഷ്ടപരിഹാരം നൽകി എല്ലാം അവസാനിപ്പിക്കുന്നു.

അതേസമയം ആറളം പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഭൂമിയിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദ് ചെയ്യുന്നതിനുള്ള നീക്കം തുടരുകയാണ്. ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൈവശ ഭൂമിയിൽ താമസിക്കാത്തവരുടെ പ്ലോട്ടുകൾ സംയുക്തപരിശോധന നടത്തിയിരുന്നു. 262 കുടുംബങ്ങൾ കൈവശരേഖ ലഭിച്ചിട്ടും താമസിക്കാനെത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബ്ലോക്ക് ഏഴിൽ- 115ഉം, ബ്ലോക്ക് ഒമ്പതിൽ 72ഉം കുടുംബങ്ങൾ ഇതുവരെ എത്തിയിട്ടില്ല. ഈ രണ്ട് ബ്ലോക്കിലുമാണ് ആനശല്യം ഏറെയുള്ളത്. ജീവനിൽ ഭയമുള്ളവരാണ് ഇവിടെ താമസത്തിന് വരാത്തത്. ബ്ലോക്ക് 10ൽ 74 കുടുംബങ്ങൾ എത്തിയിട്ടില്ലെന്നാണ് കണക്ക്. അവിടം വാസയോഗ്യമല്ലാത്ത പാറക്കെട്ടുകളാണ്. ഏറെക്കുറെ ഈ ബ്ലോക്കുകളിൽ കൈവശരേഖ ലഭിച്ചത് പണിയവിഭാഗത്തിനാണ്. പട്ടികവർഗ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ആദിവാസി പുനരധിവാസം അട്ടിമറിച്ചതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനനന്ദനും ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോനും 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aralam Farm13 people were killed by an elephant
News Summary - 13 people were killed by an elephant in Aralam farms; 22 crore elephant wall in red land
Next Story