പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ
text_fieldsകോട്ടയം: പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ. പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30)യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസ്സിന്റെ ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.
തുടർന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലാ സി.കെ. കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളിൽ നിന്നും പെൺകുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്സലിനെയും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് സ്റ്റാൻഡിനുള്ളിൽനിന്നും പിടികൂടി. ഒന്നാം പ്രതി അഫ്സലും രണ്ടാം പ്രതി എബിനും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
സംഭവദിവസം അഫ്സലിനെയും എബിനെയും പൊലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടർ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച രാവിലെ എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐമാരായ ബിജു വർഗീസ്, ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്ത് സി. എന്നിവർ ചേർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.