13കാരിയുടെ മരണം: പിതാവ് സനു മോഹൻ കർണാടകയിൽ പിടിയിൽ
text_fieldsബംഗളൂരു: 13കാരി മകളുടെ ദുരൂഹ മരണത്തിനു പിന്നാലെ നാടകീയമായി ഒളിവിൽപോയ എറണാകുളം കാക്കനാട് കങ്ങരപ്പടി സ്വദേശി സനുമോഹൻ (40) കർണാടകയിൽ പിടിയിൽ. ഉത്തരകന്നട ജില്ലയിലെ കാർവാറിൽനിന്ന് ഞായറാഴ്ച പുലർച്ചയോടെ കർണാടക പൊലീസാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽ കണ്ടെന്ന വിവരം കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘം കർണാടക പൊലീസിൽ അറിയിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള പൊലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും.
മാർച്ച് 22 നാണ് സനുവിെൻറ മകൾ വൈഗയെ കളമശ്ശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിെൻറ തലേദിവസം ആലപ്പുഴയിലെ ഭാര്യവീട്ടിൽനിന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തിയ സനുവും വൈഗയും കാറിൽ യാത്രതിരിച്ചതായി വിവരം ലഭിച്ചിരുന്നു. മകളുടെ മൃതദേഹം കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ സനുവിെൻറ കാർ വാളയാർ അതിർത്തി കടന്നതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് അന്വേഷണസംഘം കോയമ്പത്തൂരിലും ചെന്നൈയിലും കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങിനടന്ന സനു ഈ മാസം 10 മുതൽ 16 വരെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ താമസിച്ചത്. 16ന് രാവിലെ മുറി ഒഴിയുകയാണെന്ന് അറിയിച്ചു. ക്ഷേത്രദർശനത്തിനെന്നുപറഞ്ഞ് പുറത്തിറങ്ങിയെങ്കിലും തിരിച്ചെത്തിയില്ല.
ഇതേ തുടർന്ന് സനു തിരിച്ചറിയലിനായി നൽകിയ ആധാർ കാർഡ് ലോഡ്ജ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. വാടക നൽകാതെയാണ് ലോഡ്ജിൽ നിന്നും രക്ഷപ്പെട്ടത്. കൊല്ലൂരിൽനിന്ന് ഉഡുപ്പിയിലേക്കും അവിടെനിന്ന് കാർവാറിലേക്കും കടക്കുകയായിരുന്നു.
സനു മോഹനെ കാണാതായതോടെയാണ് മകളുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനയിൽ വൈഗയുടെ ആന്തരികാവയവങ്ങളില്‍ ആല്‍ക്കഹോൾ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
മദ്യമോ ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലും നല്‍കിയോ വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഇതോടെ ബലപ്പെട്ടു. മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിഷം അകത്ത് ചെന്നിരുന്നോ, മദ്യം, മയക്കുമരുന്ന്, ഉറക്കഗുളികസാന്നിധ്യമുണ്ടോ, അതിക്രമത്തിന് ഇരയായോ തുടങ്ങിയവയാണ് ലാബില്‍ പരിശോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.