കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 130 കോടി: സർക്കാർ നിലപാട് തേടി ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 130 കോടി രൂപ നൽകുന്ന കാര്യത്തിൽ ഹൈകോടതി സർക്കാറിന്റെ നിലപാട് തേടി. ഇത് ലഭിക്കാതിരുന്നാൽ തുടർന്നുള്ള മാസങ്ങളിൽ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന കെ.എസ്.ആർ.ടി.സി എം.ഡിയുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് തേടിയത്.
ഹരജി ആഗസ്റ്റ് 16ലേക്ക് മാറ്റിയ കോടതി, കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള ബദൽ മാർഗങ്ങൾ അറിയിക്കാനും നിർദേശിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
ജൂലൈയിലെ ശമ്പളം, മാസംതോറും നൽകുന്ന 50 കോടിയിൽ ഏപ്രിൽ മുതലുള്ള കുടിശ്ശിക എന്നിങ്ങനെയാണ് 130 കോടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഓൺലൈനിൽ കോടതിയിൽ ഹാജരായ കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചിരുന്നു. ജൂണിലെ ബാക്കി ശമ്പളം നൽകാൻ 30 കോടി അനുവദിച്ചിട്ടുള്ളതായും വ്യക്തമാക്കി.
കേന്ദ്ര സർക്കാറിൽനിന്ന് പ്രതീക്ഷിച്ച പണം ലഭിക്കാത്തതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും സ്ഥാപനത്തെ സർക്കാർ സഹായിക്കുന്നുണ്ട്. അതിനെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമത്തിൽ എല്ലാ നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്. ജൂണിലെ പെൻഷൻ ആവശ്യത്തിന് മതിയായ പണം നൽകിയിട്ടുണ്ട്. 130 കോടി വേണമെന്ന ആവശ്യം സർക്കാർ പരിഗണനയിലാണ്.
ഇക്കാര്യത്തിൽ സർക്കാറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തീരുമാനമെടുക്കുമെന്നും സീനിയർ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ വ്യക്തമാക്കി. ജൂണിലെ ശമ്പളം ജൂലൈ 31നകം ലഭിച്ചില്ലെങ്കിൽ ഹരജിക്കാർക്ക് ഹിയറിങ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.