Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരാമൺ കൺവൻഷൻ...

മാരാമൺ കൺവൻഷൻ ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ

text_fields
bookmark_border
മാരാമൺ കൺവൻഷൻ ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ
cancel

കോട്ടയം: ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 130-ാം മഹായോഗം ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ വരെ പമ്പാനദിയുടെ തീരത്തെ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. ഒമ്പതിന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും.

മാരാമൺ മഹായോഗത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭ വിക്കാത്തവിധത്തിൽ ഹരിത നിയമാവലി അനുസരിച്ച് കൺവൻഷൻ ക്രമീകരിക്കും. പമ്പാനദിയും മണൽ തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളിൽ കൺവൻഷൻ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നൽകുന്നതും.

മണൽപ്പുറത്തേക്കുള്ള താൽക്കാലിക പാലത്തിന്റെ നിർമാണം പൂർത്തിയായി വരികയാണ്. പന്തലിന്റെ കാൽനാട്ട് കർമം ജനുവരി 6ന് മെത്രാപ്പൊലീത്താ നിർവഹിച്ചു. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗൺസിൽ (ഡബ്ല്യു.സി.സി) ജനറൽ സെക്രട്ടറി റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്‌ടർ അലോയോ, ഡോ. രാജ്‌കുമാർ രാംചന്ദ്രൻ (ന്യൂഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരാണ്.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച്ച 2.30ന് ലഹരിവിമോചന സമ്മേളനവും വൈകിട്ട് 6 മുതൽ 7.30 വരെ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള യോഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4ന് യുവവേദി യോഗങ്ങളും പന്തലിൽവച്ച് നടത്തുന്നതാണ്. ബുധൻ മുതൽ ശനിവരെ വൈകിട്ട് 7.30 മുതൽ 9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടാ യ്‌മകൾ ഹിന്ദി, തെലുങ്ക്, തമിഴ്‌, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിൻ്റെയും വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സേവികാ സംഘത്തിൻ്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിൻ്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.

പൂർണസമയം സുവിശേഷവേലയ്ക്കു സമർപ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്‌ഠാ ശുശ്രൂഷ ഫെബ്രുവരി 14 വെള്ളിയാഴ്ചയും 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശശ്രൂഷ ഫെബ്രുവരി 15 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. അഭിവന്ദ്യ തിരുമേനിമാർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. മാരാമൺ കൺവൻഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും അരമായ വോളന്റിയർമാരും നേതൃത്വം നൽകും.

ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്‌ച ശേഖരിക്കും. മറ്റു യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് പന്തലിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടികളിൽ സ്തോത്രകാഴ്ച അർപ്പിക്കാവുന്നതാണ്. യോഗത്തിൽ സംബന്ധിച്ച് സ്തോത്രകാഴ്‌ച അർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പേമെന്റ് ഗേറ്റ്വേ സംവിധാനത്തിലൂടെ ആ സമയംതന്നെ ഓൺലൈനായി സ്തോത്രകാഴ്ച അർപ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവൻഷൻ ക്രമീകരണങ്ങളിൽ സഹകരിക്കുന്നു. കൺവൻഷൻ നഗറിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവീസുണ്ട്. പൊലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലകോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കൺവെൻഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കും.

പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറാർ ഡോ.എബി തോമസ് വാരിക്കാട്, പ്രസ്സ് & മീഡിയ കമ്മറ്റി കൺവീനർമാരായ തോമസ് കോശി, റ്റിജു എം. ജോർജ്ജ് കമ്മറ്റി അംഗങ്ങളായ ശ്രീ പി.പി. അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maramon Convention
News Summary - 130th Maramon Convention to be conducted on February 2nd week
Next Story