കൈയേറ്റക്കാരും പാട്ടക്കാരും കൈയടക്കിയത് 13,880 ഏക്കർ വനഭൂമി
text_fieldsകൊച്ചി: സംസ്ഥാനത്ത് കൈയേറ്റക്കാരും പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തികളും ഇപ്പോഴും കൈയടക്കി വെച്ചിരിക്കുന്നത് 13,880.39 ഏക്കർ വനഭൂമി.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്വകാര്യവ്യക്തികൾ കൈവശം വെച്ചിരിക്കുന്ന ഏക്കർ കണക്കിന് വനഭൂമി തിരിച്ചുപിടിക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണ്. കൈയേറ്റക്കാർക്കെതിരായ നടപടികളും പ്രഖ്യാപനത്തിലൊതുങ്ങുന്നു. ഇതാണ് വൻതോതിൽ വനഭൂമി അന്യാധീനപ്പെടാൻ കാരണം.
സതേൺ (കൊല്ലം), സെൻട്രൽ (തൃശൂർ), ഈസ്റ്റേൺ (പാലക്കാട്), നോർത്തേൺ (കണ്ണൂർ) സർക്കിളുകൾക്കും പാലക്കാട് വന്യജീവി വിഭാഗത്തിനും കീഴിൽ 9079.48 ഏക്കർ വനഭൂമി പാട്ടവ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടുണ്ടെന്നാണ് വനം വകുപ്പ് കണക്ക്. ഈസ്റ്റേൺ സർക്കിളിലാണ് കൂടുതൽ: 7598.28 ഏക്കർ. എന്നാൽ, പാട്ടക്കാലാവധി കഴിഞ്ഞിട്ടും 1464.50 ഏക്കർ സർക്കാറിന് വിട്ടുകൊടുക്കാതെ സ്വകാര്യവ്യക്തികൾ കൈവശം വെച്ചിരിക്കുകയാണ്. നാമമാത്ര ഭൂമി മാത്രമേ കഴിഞ്ഞ വർഷങ്ങളിൽ തിരിച്ചുപിടിച്ചിട്ടുള്ളൂ. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വ്യക്തികൾക്ക് നോട്ടീസ് നൽകി നടപടി സ്വീകരിച്ചുവരുന്നു എന്ന് മാത്രമാണ് വനം വകുപ്പിന്റെ വിശദീകരണം. ചില പാട്ടഭൂമികൾ സംബന്ധിച്ച് ഹൈകോടതിയിൽ നിലനിൽക്കുന്ന കേസും തിരിച്ചുപിടിക്കലിന് തടസ്സമായി പറയപ്പെടുന്നു. 2020-21ലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വനഭൂമിയുടെ വിസ്തൃതി 11524.91 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 12,415.89 ഏക്കർ വനഭൂമി വിവിധ സർക്കിളുകളിലായി ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശമാണെന്നും റിപ്പോർട്ടിലുണ്ട്.
കർശന നടപടികൾ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 149.39 ഏക്കറിലും ഈ സർക്കാറിന് 54.04 ഏക്കറിലും മാത്രമാണ് കൈയേറ്റം ഒഴിപ്പിക്കാനായത്. വനം കൈയേറ്റവുമായി ബന്ധപ്പെട്ട 195 കേസുകൾ ഇനിയും വിവിധ സർക്കിളുകളിൽ തീർപ്പാകാനുണ്ട്. യഥാസമയം കേസ് രജിസ്റ്റർ ചെയ്ത് നടപടി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കൈയേറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകുന്ന സംഭവങ്ങളുമുണ്ട്. വനാതിർത്തി നിർണയിച്ച് ജണ്ട സ്ഥാപിക്കലും അതിർത്തികളിൽ പട്രോളിങ് അടക്കം നടപടികളും വനം വകുപ്പ് തുടരുമ്പോഴും കൈയേറ്റം കുറയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.