ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടി; നാലംഗ സംഘം പിടിയിൽ
text_fieldsമട്ടന്നൂര്‍: ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂരിലെ ജ്വല്ലറി ഉടമ കീഴ്ത്തള്ളി പി.വി. ദിനേശന്റെ കൈയില്‍നിന്ന് പണം തട്ടിയെടുത്ത സംഘത്തെയാണ് മട്ടന്നൂര്‍ സി.ഐ ബി.എസ്. സജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പഴശ്ശി ഡാമിന് സമീപം കെ. റസാഖ് (38), ഉളിയില്‍ സ്വദേശി പി.കെ. റഫീഖ് (39), ഭാര്യ റഹിയാനത്ത് (33), പുതിയങ്ങാടി സ്വദേശി അഷ്റഫ് എന്ന മുഹമ്മദ് റാഫി (60) എന്നിവരാണ് പിടിയിലായത്.
മട്ടന്നൂരിലെ ഒരു ബാങ്കില്‍ പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞാണ് സംഘാംഗമായ റഹിയാനത്ത് ശനിയാഴ്ച വൈകീട്ട് ജ്വല്ലറിയുടമയെ സമീപിച്ചത്. തിരിച്ചെടുക്കുന്ന സ്വർണം ജ്വല്ലറിയിൽ വിൽക്കാമെന്ന ധാരണയിൽ 14 ലക്ഷം രൂപ ജ്വല്ലറിയുടമ യുവതിക്ക് നൽകി.
ആദ്യം 15 ലക്ഷം രൂപ വേണമെന്ന് പറയുകയും പണം ലഭിച്ചശേഷം 14 ലക്ഷം മതി എന്നു പറഞ്ഞ് ഒരുലക്ഷം രൂപ തിരിച്ചു നല്കി വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. ഈ തുകയുമായി യുവതി ബാങ്കിലേക്ക് പോയി. പിന്നാലെ വന്ന ജ്വല്ലറിയുടമയോട് ബന്ധുക്കൾ ബാങ്കിനകത്തുണ്ടെന്നും പുറത്തുനിന്നാൽ മതിയെന്നും നിർദേശിച്ചു.
ഒറ്റനോട്ടത്തിൽ പറഞ്ഞതെല്ലാം ശരിയെന്ന് വിശ്വസിച്ച് ബാങ്കിനുമുന്നിൽ ജ്വല്ലറിയുടമ കാത്തിരിക്കുമ്പോഴാണ് സംഘം പലവഴിക്ക് ഇറങ്ങിപ്പോയത്. ഇങ്ങനെയാണ് കബളിപ്പിക്കപ്പെട്ട വിവരം ജ്വല്ലറിയുടമ അറിയുന്നത്.
പർദ ധരിച്ച് മുഖം മറച്ചശേഷം പണം കൈപ്പറ്റി ബാങ്കിലേക്ക് കയറുകയും വേഷം മാറി മറ്റു വഴികളിലൂടെ രക്ഷപ്പെടുകയുമാണ് ഇവരുടെ രീതി. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സംഘത്തിലെ ഒരാളെ ശനിയാഴ്ച രാത്രി പിടികൂടിയിരുന്നു. ഞായറാഴ്ചയോടെ മറ്റുള്ളവരെയും പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകമാണ് എല്ലാവരും പിടിയിലായത്.
ഇവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാനമായ രീതിയില്‍ നിരവധി കബളിപ്പിക്കല്‍ നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഇതിനായി പ്രത്യേക മൊബൈല്‍ ഫോണും വാട്സ്ആപ് നമ്പറും പ്രതികള്‍ ഉപയോഗിക്കുന്നതായി സി.ഐ വ്യക്തമാക്കി.
സി.ഐയോടൊപ്പം എസ്.ഐമാരായ സിദ്ദീഖ്, അനീഷ്കുമാര്‍, എ.എസ്.ഐമാരായ പ്രദീപന്, സുനില്‍കുമാര്‍, സി.പി.ഒമാരായ സിറാജുദ്ദീന്, രഗനീഷ്, സവിത, ജോമോന് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.