കായംകുളത്ത് ബി.ജെ.പി നേതാവ് 14 കാരനെ സൈക്കിളിൽനിന്ന് ചവിട്ടി താഴെയിട്ട് മർദിച്ചു; കേസ്
text_fieldsകായംകുളം: റോഡുവക്കിൽ നിന്ന് ശേഖരിച്ച ആക്രി സാധനങ്ങൾ വിൽക്കാൻ സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥിയെ തടഞ്ഞുനിർത്തി മർദിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഭാഗത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ 14വയസ്സുള്ള മകനെയാണ് പ്രദേശവാസിയും ബി.ജെ.പി നേതാവുമായ ആലമ്പള്ളിൽ മനോജ് എന്നയാൾ മർദിച്ചത്. ഇയാൾക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.
കാപ്പിൽ കിഴക്ക് വയലിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. 10 വയസ്സുള്ള സഹോദരനും മർദനമേറ്റ കുട്ടിയോടൊപ്പമുണ്ടായിരുന്നു. ചവിട്ടി താഴെയിടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. കഴുത്തിനും നെഞ്ചിനും സാരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ കുടുംബം കഴിഞ്ഞ 12 വർഷമായി കൃഷ്ണപുരം പഞ്ചായത്തിൽ വാടക വീടുകളിൽ താമസിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് കാപ്പിൽ കിഴക്ക് എത്തിയത്. മാതാവ് വീട്ടുജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്.
സ്കൂൾ അവധി സമയത്ത് മക്കൾ ആക്രി ശേഖരിക്കാൻ പോകുന്നതും കുടുംബത്തിന് ആശ്വാസമാണ്. ഇത്തരത്തിൽ ശേഖരിച്ച സാധനങ്ങൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മർദനമത്രെ. വിഷയത്തിൽ ബാലാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയ സെൻറർ അംഗം എസ്. നസീം, പുള്ളിക്കണക്ക് ലോക്കൽ സെക്രട്ടറി ഐ. റഫീക്ക് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.