97 ശതമാനം മരണനിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരികെയെത്തി
text_fieldsകോഴിക്കോട്: മകൻ രോഗക്കിടക്കയിലായപ്പോൾ പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു ഉമ്മ റയ്ഹാനയും ബാപ്പ സിദ്ദീഖും. ഒടുവിൽ 97 ശതമാനം മരണ നിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷം കൊണ്ട് ആ മാതാപിതാക്കൾക്ക് കണ്ണീരടക്കാനായില്ല. മസ്തിഷ്‍ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ജാസിം.
രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരനാണ് രോഗമുക്തി നേടിയത്. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗ ലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് മിൽറ്റഫോസിൻ(Miltefosine) മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കി. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് സാധിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം കൂടുകയും അപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലര്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് തീരുമാനിക്കുകയും ഇതനുസരിച്ച് ജൂലൈ 20ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.