അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി; ലോകത്ത് ഇതുവരെ സുഖപ്പെട്ടത് 11 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി നേടിയത് 11 പേര്‍ മാത്രമാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു. അന്നുതതന്നെ അപസ്മാരം ഉണ്ടായ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കുട്ടിക്കായി ആരോഗ്യവകുപ്പ് മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. നേരത്തെ തന്നെ രോഗം കണ്ടെത്താനായതും ലഭ്യമായ ചികിത്സകളെല്ലാം ഉറപ്പ് വരുത്താന്‍ സാധിച്ചതും മൂന്നാഴ്ചകൊണ്ട് രോഗമുക്തിയിലേക്ക് നയിക്കുകയായിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലര്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാൻ തീരുമാനിക്കുകയും ജൂലൈ 20ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.