കുഞ്ഞനുജത്തിക്ക് തുണയായി ആശുപത്രിയിൽ 14കാരിമാത്രം
text_fieldsകോഴിക്കോട്: ഇവൾ അഞ്ജന, വയസ്സ് അഞ്ച്, തൂക്കം 8.700 കിലോ. ഒരു വയസ്സുള്ള കുട്ടികൾക്കുണ്ടാവുന്നത്ര തൂക്കം. തുടർച്ചയായ വയറിളക്കവും നിർജലീകരണവും അണുബാധയുംകൊണ്ട് അവശയായി രണ്ടാഴ്ചയോളം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡിൽ വാടിയ താമരത്തണ്ടുപോലെ കിടക്കുകയാണ് ഈ ആദിവാസി പെൺകുട്ടി. പൊന്നനുജത്തിയെ ചേർത്തുപിടിച്ച്, ഒരു നിമിഷംപോലും അടുത്തുനിന്ന് മാറാതെ നിസഹായയായി നെടുവീർപ്പിട്ടുകൊണ്ട് 14 വയസ്സ് മാത്രമുള്ള ചേച്ചി അജിതയുമുണ്ട്. സഹായത്തിനായി നഴ്സുമാരും തൊട്ടപ്പുറത്തുള്ള ബെഡുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാരുമല്ലാതെ ആരുമില്ല.
കഴിഞ്ഞ ആറിന് നിൽക്കാത്ത വയറിളക്കവും ക്ഷീണവുമായി ഈ സഹോദരങ്ങളെ ആശുപത്രിയിൽ കൊണ്ടുവിട്ടതാണ് ബന്ധുവായ സ്ത്രീ. അരിവാൾ രോഗമാണോ എന്ന സംശയത്തിലാണ് കൊണ്ടുവന്നത്. രോഗത്തിെൻറ ഒരു ജീൻ മാത്രമേ കുട്ടിയിലുള്ളൂ എന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തടിപ്പണിക്കാരനായ അമ്മാവൻ ഓണെൻറ വീട്ടിലാണ് ഈ അനാഥ പെൺകുട്ടികൾ താമസിക്കുന്നതെങ്കിലും ഇത്രയും ദിവസത്തിനിടക്ക് ആകെ ഒരുതവണയാണ് ഇയാൾ വന്നുനോക്കിയത്.
കോടഞ്ചേരി ചെമ്പുകടവ് അംബേദ്കർ കോളനിയിലെ പോഷകാഹാരക്കുറവനുഭവിക്കുന്ന അനേകം ഹതഭാഗ്യരിൽ ഒരാൾ മാത്രമാണ് അഞ്ജന. കഴിഞ്ഞ വർഷം പനിബാധിച്ച് അമ്മ ലീല മരിച്ചു. തടിപ്പണിക്കാരനായ അച്ഛൻ ചെമ്പൻ ജീവനൊടുക്കിയത് രണ്ടുവർഷം മുമ്പ്. അരിവാൾ രോഗം ബാധിച്ച് ഏക സഹോദരൻ അജി വീട്ടിലും. ഈ മാരകരോഗത്തോടു പൊരുതി ഏറെക്കാലം ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അജി. ഇപ്പോഴും ചികിത്സ തുടരുന്നു.
ആദിവാസികൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾക്കായി കോടികൾ ഓരോ തവണയും സർക്കാറുകൾ മാറ്റിവെക്കുന്നുണ്ടെങ്കിലും അവയൊന്നും ആവശ്യക്കാരിലേക്കെത്തുന്നില്ലെന്നതിന് ഈ പിഞ്ചുശരീരം മാത്രം മതി തെളിവായി. കൊണ്ടുവന്നപ്പോൾ അസ്ഥികൂടമായി ശരീരത്തിലേക്ക് നോക്കാൻപോലും പറ്റില്ലായിരുന്നുവെന്ന് അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരി പറയുന്നു. ആശുപത്രിയിൽനിന്ന് കിട്ടുന്ന ഭക്ഷണവും മെഡിക്കൽ വിദ്യാർഥികൾ പിരിവിട്ട് വാങ്ങിച്ചുകൊടുക്കന്ന ഭക്ഷണവും മരുന്നുമാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്.
കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ അജിത ഈസ്റ്റ്ഹില്ലിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ കൊണ്ടുവിട്ട ചേച്ചി ഇടക്ക് വിളിച്ചന്വേഷിക്കും. വല്ലപ്പോഴും ഫോണിൽ ട്രൈബൽ കോഒാഡിനേറ്ററും വിവരങ്ങൾ തിരക്കും. ഇതിനിടയിൽ രണ്ടുതവണയായി വയറിളക്കം മൂർച്ഛിച്ച് തീവ്രപരിചരണത്തിലായിരുന്നു. അൽപം ഭേദപ്പെട്ട് ആശുപത്രി വിട്ടാലും എവിടെപ്പോവുമെന്ന ചോദ്യത്തിനു മുന്നിൽ പകച്ചിരിക്കുകയാണ് ഈ സഹോദരിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.