14006 അപേക്ഷകർക്ക് യൂനിക്ക് തണ്ടപ്പേർ അനുവദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫിസർ അന്വേഷണം നടത്തി 14006 അപേക്ഷകർക്ക് യൂനിക്ക് തണ്ടപ്പേർ അനുവദിച്ചുവെന്ന് മന്ത്രി കെ.രാജൻ. തണ്ടപ്പേർ ലഭിക്കുന്നതിന് സംസ്ഥാനമൊട്ടാകെ 36632 അപേക്ഷകളാണ് നാളിതുവരെ വില്ലേജ് ഓഫിസുകളിൽ ലഭിച്ചത്. ഭൂപരിഷ്കരണം കഴിഞ്ഞാൽ കേരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന മഹത്തായ പദ്ധതിയാണിത്.
യൂനിക്ക് തണ്ടപ്പേർ സംവിധാനത്തിനായി ആധാർ ഉപയോഗിക്കുന്നതിനുള്ള അനുമതിക്ക് 2021 ജൂലൈയിൽ കേന്ദ്ര സർക്കാരിന് പ്രപ്പോസൽ സമർപ്പിക്കുകയും 2021 ആഗസ്റ്റ് 23ന് അംഗീകാരം ലഭിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് യുനിക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിന് സർക്കാർ അനുമതിനൽകി.
റവന്യൂ വകുപ്പിന്റെ സോഫ്റ്റ് വെയറിൽ യുനീക്ക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിനുള്ള മൊഡ്യൂൾ വികസിപ്പിച്ചിട്ടുണ്ട്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ഓൺലൈനായോ ലഭ്യമാകുന്ന ഒ.ടി.പി- ഉപയോഗിച്ച് വില്ലേജ് ഓഫീസിൽ നേരിട്ട് എത്തി ഒ.ടി.പി വഴിയോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.
ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അത് പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് യുനിക്ക് തണ്ടപ്പേർ നമ്പർ ലഭിക്കും. ഭൂമിയുടെ വിവരങ്ങൾ ഈ നമ്പരിൽ ബന്ധിപ്പിക്കാം. ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിപ്പിച്ചും യുനിക്ക് തണ്ടപ്പേർ ലഭ്യമാക്കുവാനുള്ള മൊഡ്യൂൾ വികസിപ്പിച്ചിട്ടുണ്ട്. ബയോമെട്രിക് ഉപകരണങ്ങൾ കെൽട്രോൺ മുഖാന്തിരം വാങ്ങുന്നതിനായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
യൂനിക്ക് തണ്ടപ്പേർ നമ്പർ പ്രാബല്യത്തിലാക്കുന്നതിലൂടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാം. ബിനാമി ഭൂമി ഇടപാടുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും. സംസ്ഥാനത്തെ ഏതൊരു വ്യക്തിയുടെയും ഭൂമി സംബന്ധിച്ച വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒരു നമ്പറിനാൽ രേഖപ്പെടുത്തുന്നു എന്നതാണ് ആധാർ അധിഷ്ഠിത യൂനിക് തണ്ടപ്പേർ പദ്ധതിയുടെ പ്രധാന നേട്ടം. ഈ പദ്ധതിയിലൂടെ ഒരു ഭൂവുടമക്ക് സംസ്ഥാനത്തെ ഏത് വില്ലേജിലുള്ള എല്ലാം ഭൂമിയുടെയും വിവരങ്ങൾ ആധാർ അധിഷ്ഠിതമായി ഒറ്റ തണ്ടപ്പേരിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.