മലപ്പുറം ജില്ലയിൽ കുത്തിവെപ്പ് എടുക്കാത്ത 1416 ഗർഭിണികളും 39,885 കുട്ടികളും
text_fieldsമലപ്പുറം: ജില്ലയിൽ ഈ വർഷം കുത്തിവെപ്പ് എടുക്കാത്ത 1416 ഗർഭിണികളും 39,885 കുട്ടികളുമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ‘മിഷൻ ഇന്ദ്രധനുഷ് 5.0’ നടപ്പാക്കുന്നതിന് മുന്നോടിയായി ആശ, അംഗൻവാടി പ്രവർത്തകർ വീടുകൾ സന്ദർശിച്ചാണ് ഇത്തരക്കാരെ കണ്ടെത്തിയത്.
രണ്ട് വയസ്സുവരെയുള്ള കുട്ടികളിൽ 15,411 പേർക്കും അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ 24,474 പേർക്കും കുത്തിവെപ്പ് നൽകിയിട്ടില്ല. കുത്തിവെപ്പിനോടുള്ള വിമുഖത കൊണ്ടും വ്യാജ പ്രചാരണങ്ങൾ കൊണ്ടുമാണ് പലരും താൽപര്യപ്പെടാത്തതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
‘മിഷൻ ഇന്ദ്രധനുഷ് 5.0’ ഭാഗമായി സർക്കാർ ആശുപ്രതികൾ, ആരോഗ്യകേന്ദ്രങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.ആകെ 2055 സെഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 447 ജെ.പി.എച്ച്.എൻമാരാണ് വാക്സിൻ നൽകുന്നത്.
കുത്തിവെപ്പ് ശക്തമാക്കാൻ ‘മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’
മലപ്പുറം: ജില്ലയിൽ അഞ്ചാം പനി ബാധിച്ച് രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ കുത്തിവെപ്പ് ശക്തമാക്കി ജില്ല ആരോഗ്യ വകുപ്പ്. ഇതോടൊപ്പം ‘മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ-നഗര മേഖലകൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടപടികൾ വ്യാപകമാക്കി.
ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനും കോവിഡ് കാരണം പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉണ്ടായ കുറവ് നികത്താനുമാണ് ഈ വർഷം ‘മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0’ നടപ്പാക്കുന്നത്. കുത്തിവെപ്പ് എടുക്കാത്ത അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തി അവരെ യു-വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അവർക്ക് മിഷൻ ഇന്ദ്രധനുഷ് സെഷനുകളിൽ വാക്സിൻ നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം.
ജില്ലയിൽ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് കുത്തിവെപ്പ്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സമയക്രമം. ഡോക്ടർമാർ ഉൾപ്പെടെ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് സംസ്ഥാനതലത്തിലും ജില്ല സ്ഥാപന തലങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തിലും ജില്ല തലത്തിലും വിവിധ വകുപ്പുകളുടെ ഏകോപനം കൂടിയുണ്ട്.
പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്സിനുകളും മറ്റ് സാമഗ്രികളും ജില്ലകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എൻ.എൻ. പമീലി, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി.എം. ഫസൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.