എൻ.എസ്.എസിൽ ഭിന്നത; പ്രതിനിധി സഭയിൽനിന്ന് ആറുപേർ ഇറങ്ങിപ്പോയി
text_fieldsചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റിയിലെ (എൻ.എസ്.എസ്) ഭിന്നതയെ തുടർന്ന് ബജറ്റ് സമ്മേളനത്തിൽനിന്ന് ആറുപേർ ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു, പ്രശാന്ത് പി. കുമാർ, മാനപ്പള്ളി മോഹൻകുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. ബജറ്റ് സമ്മേളനത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആമുഖ പ്രസംഗത്തിനുശേഷമാണ് ഇവർ പ്രതിനിധിസഭ മന്ദിരം വിട്ടത്. പിന്നാലെ എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് മധു ഉയർത്തിയത്. എൻ.എസ്.എസിൽ ഏകാധിപത്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോന്നത്.
കുറെ കാലങ്ങളായി എന്‍.എസ്.എസ് നേതൃത്വത്തില്‍നിന്ന് അവഗണന നേരിടുകയാണ്. പ്രതിനിധി സഭയിലോ ഡയറക്ടര്‍ ബോര്‍ഡിലോ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അനുവദിക്കുന്നില്ല. അഭിപ്രായം പറയുന്നവരെ സമുദായ വിരുദ്ധരായി ചിത്രീകരിച്ച് പുറത്താക്കുന്ന സമീപനമാണ് നടന്നുവരുന്നത്. തനിക്കുണ്ടായിരുന്ന അഭിപ്രായം നാളിതുവരെ പുറമെ പറയുകയോ, പ്രചരിപ്പിക്കുകയോ ചെയ്തില്ല. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ജി. സുകുമാരന്‍ നായരോട് മാത്രമാണ് പറഞ്ഞത്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽനിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നും മിണ്ടാൻ പാടില്ല, എല്ലാം കേട്ട് ഇരിക്കണം. ഇത് ജനാധിപത്യ സംവിധാനത്തിൽ ശരിയല്ല. ജനറൽ സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ടാകാം. അതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും മധു കൂട്ടിച്ചേർത്തു.
300 അംഗങ്ങളാണ് പ്രതിനിധി സഭയിലുള്ളതെന്നും സംഘടനയിൽ പ്രശ്നങ്ങളില്ലെന്നും എൻ.എസ്.എസ് നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടന്നെന്നും അവർ വിശദീകരിച്ചു. എൻ.എസ്.എസിൽ കുറച്ചുകാലമായുള്ള ആഭ്യന്തരപ്രശ്നങ്ങൾ മറനീക്കി പുറത്തുവന്ന സംഭവവികാസങ്ങളാണ് ആസ്ഥാനത്ത് നടന്നത്. ഇറങ്ങിപ്പോക്കിന് പുറമെ നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിയത് ആദ്യ സംഭവമാണെന്നും ചൂണ്ടിക്കാട്ടുന്നു. 26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്. ഒരുകാലത്ത് സുകുമാരന്‍ നായരുടെ വിശ്വസ്തനായിരുന്ന കലഞ്ഞൂര്‍ മധു ഒരുവർഷമായി അദ്ദേഹവുമായി ഭിന്നതയിലായിരുന്നു. ഇറങ്ങിപ്പോയ ആറുപേരും അടൂര്‍ താലൂക്ക് യൂനിയൻ പ്രതിനിധികളാണ്. എൻ.എസ്.എസിന്റെ നേതൃനിരയിലെ പ്രധാനിയായിരുന്ന മധു അഞ്ചംഗ കൗൺസിൽ അംഗവുമായിരുന്നു.
എന്‍.എസ്.എസിന് 144.25 കോടിയുടെ ബജറ്റ്
ചങ്ങനാശ്ശേരി: 2023-24 സാമ്പത്തികവര്‍ഷം നായര്‍ സര്‍വിസ് സൊസൈറ്റിക്ക് (എൻ.എസ്.എസ്) 144.25 കോടിയുടെ ബജറ്റ്. മുന്‍വര്‍ഷത്തെ ബജറ്റ് 138 കോടി രൂപയായിരുന്നു. ഭവനനിർമാണം, വിദ്യാഭ്യാസ-വിവാഹ-ചികിത്സാ ധനസഹായങ്ങൾ, സ്കോളര്‍ഷിപ്പുകള്‍, വസ്തുക്കളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും, കൃഷി സംരക്ഷണം, സാമൂഹിക സേവന പദ്ധതികള്‍ എന്നിവക്ക് ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. എന്‍.എസ്.എസ് കോളജുകള്‍ക്കുവേണ്ടി റിസര്‍ച് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള നടപടി ആരംഭിച്ചു. ശ്രീപദ്മനാഭ തന്ത്രവിദ്യാപീഠത്തിനായി 10 ലക്ഷം ചെലവഴിക്കും. സ്വയം സഹായസംഘങ്ങളുടെ എണ്ണം 2000വും അംഗങ്ങളുടെ എണ്ണം നാലുലക്ഷമായും വര്‍ധിപ്പിക്കും. പദ്മാ കഫേയുടെ എണ്ണം അമ്പതിലേക്ക് ഉയര്‍ത്തും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ലെന്ന് ജി.സുകുമാരൻനായർ പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളെ എന്‍.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയുമില്ല. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷത്തില്‍ എന്‍.എസ്.എസിന് പങ്കാളിത്തം ഉണ്ടായിരുന്നില്ല. വിപ്ലവാത്മകമായ ഈ സംരംഭങ്ങളില്‍ മന്നത്ത് പത്മനാഭന്റെ പങ്ക് എന്തായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാൽ, ഇതനുസരിച്ചുള്ള പരിഗണന അദ്ദേഹത്തിനോ സംഘടനക്കോ നൽകിയില്ല.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത -സാമുദായിക സംഘടനകള്‍ക്കുമുണ്ട്. അത് കൃത്യമായും എന്‍.എസ്.എസ് നിര്‍വഹിച്ചുപോന്നിട്ടുണ്ട്. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. സമദൂരനിലപാട് തുടരുമെന്നും ജി.സുകുമാരൻനായർ പറഞ്ഞു. എന്‍.എസ്.എസ് പ്രസിഡന്റ് ഡോ.എന്‍.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.