പെയ്തിറങ്ങിയത് 146 ശതമാനം അധിക മഴ; വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാനാണ് ഇനി പഠിക്കേണ്ടതെന്ന് വിദഗ്ധർ
text_fieldsതിരുവനന്തപുരം: അശാസ്ത്രീയ ഭൂവിനിയോഗത്തിന്റെയും പരിസ്ഥിതി ഘടകങ്ങൾ പരിഗണിക്കാതെയുള്ള വികസന പ്രവർത്തനങ്ങളുടെയും പരിണിതഫലമാണ് ഓരോ മഴക്കാലത്തും കേരളം അനുഭവിക്കുന്ന പ്രളയമെന്ന് കാലാവസ്ഥ-പരിസ്ഥിതി വിദഗ്ധർ. കഴിഞ്ഞ നാലുദിവസത്തിനിടെ പെയ്ത 146 ശതമാനം അധിക മഴയെപ്പോലും ഉൾക്കൊള്ളാൻ സംസ്ഥാനത്തിന് കഴിയാതെ വന്നതോടെ വരും കാലങ്ങളിൽ കേരളം പഠിക്കേണ്ടത് വെള്ളപ്പൊക്കത്തിനൊപ്പം ജീവിക്കാൻ.
ജൂലൈ രണ്ടു മുതൽ ആറുവരെ 105.4 മി.മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 14 ജില്ലകളിലുമായി പെയ്തിറങ്ങിയതാകട്ടെ 259.4 മി.മീറ്റർ മഴ. കാസർകോട് വെള്ളരിക്കുണ്ടിൽ ആറാം തീയതി രേഖപ്പെടുത്തിയ 240. മി.മീറ്റർ മഴയാണ് ഈ കാലയളവിലെ ഏറ്റവും അതിതീവ്രമഴ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നുമുതൽ ജൂലൈ ഏഴു വരെ സംസ്ഥാനത്ത് ലഭിക്കേണ്ടത് 799.7 മി.മീറ്റർ മഴയാണ്.
ഇതുവരെ ലഭിച്ചത് 563.2 മി. മീറ്ററും. കാലവർഷ കണക്കിൽ ഇന്നലെ വരെ 30 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുമ്പോഴാണ് നിലവിലെ മഴ പോലും താങ്ങാനാകാതെ കേരളം വിറങ്ങലിച്ചുനിൽക്കുന്നത്.
നാലു ദിവസത്തിനിടെ, തിരുവനന്തപുരത്ത് പ്രതീക്ഷിച്ചതിനെക്കാളും 257 ശതമാനം അധികമഴ ലഭിച്ചു. എന്നാൽ, ഈ സീസണിൽ ലഭിക്കേണ്ട മഴയിൽ 20 ശതമാനം കുറവ് ഇപ്പോഴും തലസ്ഥാനത്തുണ്ട്. തൃശൂരിൽ 145 ശതമാനം അധികം ലഭിച്ചിട്ടും 31 ശതമാനം മഴയുടെ കുറവാണ്.
കോഴിക്കോട് 127 ശതമാനം അധികമഴ ലഭിച്ചിട്ടും ആകെ ലഭിക്കാനുള്ള മഴയിൽ 49 ശതമാനം കുറവ്. ഡ്രെയിനേജുകളും ചാലുകളും കെട്ടിയടച്ചുള്ള നിർമാണപ്രവർത്തനങ്ങളും വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലപരിമിതിയുമാണ് ശരാശരി മഴയെപ്പോലും പ്രളയസമാന അന്തരീക്ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.
ആലപ്പുഴ, എറണാകുളം ജില്ലകൾ ഉദാഹരണം. അപ്പർ കുട്ടനാട്ടിൽ മാത്രം 1500 ഓളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. 2018ലെ പ്രളയവും തുടർന്നുള്ള അതി തീവ്രമഴകളും മണ്ണിന്റെ ആരോഗ്യവും ജൈവാംശവും നഷ്ടപ്പെടുത്തിയതും നിലവിലെ അവസ്ഥക്ക് കാരണമായി.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കേരളം. പ്രകൃതിയും പരിസ്ഥിതിയും പഠിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളായി പരിണമിക്കുകയാണ്. മുൻകാലങ്ങളിൽ 100 മി.മീറ്റർ പെയ്യേണ്ടിടത്ത് 200 മി.മീറ്റർ പെയ്താലും ബാധിക്കാറില്ല. പക്ഷേ, ഇപ്പോൾ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സങ്ങളുണ്ട്. മുമ്പ് ഒരേക്കറിൽ അഞ്ച് വീടുകളാണെങ്കിൽ ഇപ്പോൾ 20 വീടുകളാണ്. ഇതൊക്കെ വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുണ്ട്.
- ഡോ. അനുമേരി സി ഫിലിപ്പ് (അസി. ഡയറക്ടർ, സംസ്ഥാന നീർത്തട വികസന പരിപാലന കേന്ദ്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.