പ്രതിഷേധം ഫലം കണ്ടു; പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം കുടിശ്ശിക അനുവദിക്കാൻ 14.88 കോടി
text_fieldsതിരുവനന്തപുരം: പ്രതിഷേധങ്ങൾക്കൊടുവിൽ പ്രീ പ്രൈമറി ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം കുടിശ്ശിക തുക ഇനത്തില്‍ 14.88 കോടി രൂപ അനുവദിച്ചു. ഉടൻ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം തുക മാറി നല്‍കുന്നതിനുള്ള നിർദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അധ്യാപക രക്ഷാകർതൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ 2861 അധ്യാപകര്‍ക്കും 1970 ആയമാര്‍ക്കുമാണ് ഓണറേറിയം ലഭിക്കുക.
നിലവില്‍ ജീവനക്കാരുടെ സേവന ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് യഥാക്രമം 12,500, 12,000 രൂപയും, ആയമാര്‍ക്ക് 7,500, 7,000 രൂപ നിരക്കിലും പ്രതിമാസ ഓണറേറിയം നൽകുന്നുണ്ട്. ഓണറേറിയം ലഭിക്കാതായതോടെ പ്രതിസന്ധിയിലായ ജീവനക്കാർ ആഴ്ചകളായി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഉൾപ്പെടെ കയറിയിറങ്ങി നടക്കുകയായിരുന്നു. അധ്യാപക സംഘടനകളുടെ യോഗത്തിലും ഈ വിഷയം നേതാക്കൾ ഉന്നയിച്ചിരുന്നു.
ഓണറേറിയം സംബന്ധിച്ച് അന്വേഷിച്ച ജീവനക്കാരോട് ഡയറക്ടറേറ്റിലെ ജീവനക്കാരിൽ ചിലർ മോശമായി പെരുമാറിയതായി പരാതിയും ഉയർന്നിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടതും ധനവകുപ്പിൽനിന്ന് തുക അനുവദിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.