കുടിശ്ശിക നിവാരണത്തിലൂടെ നേടിയത് 15 കോടി; കരുവന്നൂർ ബാങ്ക് പ്രതിസന്ധി മറികടക്കുന്നു
text_fieldsതൃശൂർ: വായ്പാത്തട്ടിപ്പിനെ തുടർന്ന് നിലനിൽപ് അപകടത്തിലായ കരുവന്നൂർ ബാങ്ക് പരസഹായമില്ലാതെ തന്നെ പ്രതിസന്ധിയെ മറികടക്കുന്നു. കുടിശ്ശിക നിവാരണത്തിലൂടെ രണ്ട് മാസംകൊണ്ട് ബാങ്ക് സമാഹരിച്ചത് 15 കോടി രൂപ. ഇതോടൊപ്പം നിക്ഷേപകരായും നിരവധി പേരെത്തി. കൺസോർട്ട്യം രൂപവത്കരിച്ച് 100 കോടി ലഭ്യമാക്കാനുള്ള അനുമതിയാവശ്യം സർക്കാറിന്‍റെ മുന്നിലിരിക്കെയാണ് സ്വപ്രയത്നത്താൽ ബാങ്ക് പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമം വിജയം കണ്ടിരിക്കുന്നത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന നിക്ഷേപ സമാഹരണ-കുടിശ്ശിക നിവാരണ യജ്ഞത്തിലൂടെയാണ് 15 കോടി സമാഹരിച്ചത്. വായ്പായിനത്തിൽ കുടിശ്ശികയായിരുന്നവരെ ബാങ്ക് അധികൃതർ സി.പി.എം നേതാക്കളുടെ പിന്തുണയോടെ നേരിട്ട് സമീപിക്കുകയായിരുന്നു. തിരിച്ചടവ് സമ്മർദം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും മാധ്യമപ്രചാരണങ്ങൾക്കും ഇടയാക്കുമെന്നിരിക്കെ നടപടികളെല്ലാം അതിസൂക്ഷ്മതയോടെയായിരുന്നു. തിരിച്ചടവിന് സാധ്യതയുള്ളവരെ ഒന്നിലധികം തവണ നേരിൽകണ്ടാണ് കുടിശ്ശിക പിരിച്ചെടുത്തത്. ഇപ്പോഴും 30 ശതമാനത്തിന്‍റെ വായ്പകുടിശ്ശിക പിരിവ് മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് പറയുന്നത്. ഇതോടൊപ്പം പ്രതിസന്ധിയിലായപ്പോൾ നിക്ഷേപം പിൻവലിച്ചിരുന്നവരിൽ പലരും നിക്ഷേപവുമായി തിരികെയെത്തി.
നിക്ഷേപത്തുക ഉടൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നവർക്ക് പലിശയിനത്തിലുള്ള തുക അനുവദിച്ചതോടെ ഇവരിൽ പലരും നിക്ഷേപത്തുക ഉടൻ വേണ്ടെന്നും അറിയിച്ചു. കടുത്ത പ്രതിസന്ധിയിൽ ഒരടി മുന്നോട്ട് വെക്കാനാവാത്ത സാഹചര്യത്തിലായിരുന്ന ബാങ്കിന്‍റെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായി. പരാതിക്കാരും പ്രതിഷേധക്കാരും ഇപ്പോൾ ബാങ്കിന് മുന്നിലില്ലാത്തത് ഇടപാടുകാരിലും ആത്മവിശ്വാസമുണ്ടാക്കി. ബാധ്യത മറികടക്കാൻ ബാങ്കിന് ആസ്തിയുണ്ടെന്നതും കരുവന്നൂർ ബാങ്കിന് മാത്രമായി കൺസോർട്ട്യം രൂപവത്കരിക്കുന്നത് പ്രതിസന്ധിയിലുള്ള മറ്റ് ബാങ്കുകൾക്കും ആവശ്യം വരുമെന്ന അഭിപ്രായമുയർന്നതുമാണ് കൺസോർട്ട്യം രൂപവത്കരണത്തിൽ സർക്കാർ ഇപ്പോഴും അനുമതി നൽകാത്തതിന് കാരണമെന്നാണ് സൂചന.
അതേസമയം, ഉടൻ അനുമതിയുണ്ടാവുമെന്നാണ് സഹകരണ വകുപ്പ് അധികൃതർ പറയുന്നത്. ബാങ്ക് നേതൃത്വത്തിൽ സൂപ്പർമാർക്കറ്റിലൂടെ നടത്തിയ വിഷുച്ചന്തയുടെ പ്രവർത്തനം മികച്ചതായിരുന്നു. ബാങ്ക് അംഗങ്ങൾക്കുള്ള ചികിത്സ സഹായമായി 15.70 ലക്ഷവും വിതരണം ചെയ്തതോടെ പരാതിപ്പെട്ടവരുടെയും പ്രതിഷേധിച്ചവരുടെയും നിക്ഷേപം തിരിച്ചുകിട്ടാതെ ആശങ്കയിലായിരുന്നവരുടെയും വിശ്വാസ്യത വീണ്ടെടുക്കാനും ബാങ്കിന് കഴിഞ്ഞു. കുടിശ്ശിക പിരിവ് ഊർജിതമാക്കുകയും നിക്ഷേപ സമാഹരണം തുടരുകയും സർക്കാർ സഹായം ലഭ്യമാകുകയും ചെയ്താൽ വൈകാതെ തന്നെ ബാങ്ക് സാധാരണനിലയിലാവുമെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.