പരസ്യ അപമാനം, ജീവനൊടുക്കൽ: നവീൻ ബാബുവില്ലാത്ത സംഘർഷഭരിതമായ 15 നാളുകളിലൂടെ
text_fieldsകണ്ണൂർ: ഒക്ടോബർ 15നാണ് ഞെട്ടിക്കുന്ന ആ വാർത്ത വരുന്നത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറിയ എ.ഡി.എം കെ. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കി. തലേന്ന് നടത്തിയ യാത്രയയപ്പ് യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് മരണം. ഇതോടെ, കലക്ടറേറ്റിലെ ജീവനക്കാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി തെരുവിൽ. സംഘർഷഭരിതമായ ആ 15 ദിവസത്തെ സംഭവങ്ങളിലൂടെ:
ഒക്ടോബർ 14 തിങ്കൾ
നവീൻ ബാബുവിന് വൈകീട്ട് 3.30ന് റവന്യൂ സ്റ്റാഫ് കൗൺസിലിന്റെ യാത്രയയപ്പ് യോഗം. നാലിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെയെത്തുന്നു. എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കി മുനവെച്ച് ആറ് മിനിറ്റ് പ്രസംഗം. വൈകീട്ട് ആറിന് ഔദ്യോഗിക കാറിൽ നവീൻബാബു റെയിൽവേ സ്റ്റേഷനിലേക്ക്. തൊട്ടടുത്ത് മുനീശ്വരൻ കോവിലിനു മുന്നിൽ അദ്ദേഹം ഇറങ്ങുന്നു. രാത്രി 8.55ന് എത്തുന്ന മലബാർ എക്സ്പ്രസിൽ ബുക്ക് ചെയ്തെങ്കിലും കയറാതെ ക്വാർട്ടേഴ്സിലേക്ക് മടങ്ങി.
ഒക്ടോബർ 15 ചൊവ്വ
പുലർച്ച 5.17ന് ചെങ്ങന്നൂരിൽ നവീൻബാബു ഇറങ്ങിയില്ലെന്നുകണ്ട് ബന്ധു അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ അറിയിക്കുന്നു. എ.ഡി.എമ്മിന്റെ ഡ്രൈവർ എം. ഷംസുദ്ദീൻ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ രാവിലെ ഏഴിന് എത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുന്നു.
അസ്വാഭാവിക മരണത്തിനു കേസ്. നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ പമ്പുടമ ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നു വെളിപ്പെടുത്തി കത്ത് പുറത്തുവിടുന്നു. കണ്ണൂർ കലക്ടറേറ്റിലും പരിസരത്തും വൻ പ്രതിഷേധം. ദിവ്യക്കെതിരെ നവീൻബാബുവിന്റെ സഹോദരൻ പരാതി നൽകി.
16 ബുധൻ
പുലർച്ച 12.40ന് നവീൻബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച് റവന്യൂ മന്ത്രി ജില്ല കലക്ടറിൽനിന്ന് റിപ്പോർട്ട് തേടി. എ.ഡി.എമ്മിന് വീഴ്ച പറ്റിയില്ലെന്ന് കലക്ടർ അരുൺ കെ. വിജയന്റെ പ്രാഥമിക റിപ്പോർട്ട്. സംസ്ഥാനത്ത് റവന്യൂ വകുപ്പ് ജീവനക്കാർ കൂട്ട അവധി.
17 വ്യാഴം
നവീൻ ബാബുവിന്റെ മൃതദേഹം 11.35ന് മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചു. 3.45ന് സംസ്കാരം. ഇളയമകൾ നിരുപമ ചിതക്ക് തീകൊളുത്തുന്നു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രാത്രി 10.10ന് പി.പി. ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി സി.പി.എം വാർത്താക്കുറിപ്പ്.
18 വെള്ളി
പി.പി. ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നു. കലക്ടർ ക്ഷണിച്ചതനുസരിച്ചാണ് യാത്രയയപ്പിൽ പങ്കെടുത്തതെന്ന് ഹരജിയിൽ. കലക്ടറുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി. യാത്രയയപ്പ് യോഗത്തിലെ കലക്ടറുടെ മൗനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കലക്ടറെ കൂടി അന്വേഷണ പരിധിയിലാക്കി ലാൻഡ് റവന്യൂ ജോ. കമീഷണർ എ. ഗീതയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നു.
19 ശനി
യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ. ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത കണ്ണൂരിൽ. രാത്രി എട്ടുവരെ മൊഴിയെടുക്കൽ.
20 ഞായർ
മരണത്തിൽ പ്രതിഷേധം കനക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു കുടുംബത്തെ അപമാനിക്കുന്നുവെന്ന പി.പി. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെ പരാതിയിൽ കേസ്.
21 തിങ്കൾ
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹരജി ഫയലിൽ സ്വീകരിച്ച കോടതി 24ന് വാദം കേൾക്കാൻ മാറ്റിവെക്കുന്നു. പ്രശാന്തിനെ പുറത്താക്കുമെന്ന് മന്ത്രി വീണ ജോർജ്.
22 ചൊവ്വ
യാത്രയയപ്പ് യോഗത്തിൽ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകി. പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.
23 ബുധൻ
ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. കലക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്നുപറഞ്ഞ് കണ്ണൂരിലെ മൂന്ന് പരിപാടികൾ റവന്യൂ മന്ത്രി റദ്ദാക്കുന്നു. പ്രശാന്തിന്റെ മൊഴിയെടുത്ത് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി.
24 വ്യാഴം
ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ. വിധി പറയുന്നത് ഒക്ടോബർ 29ലേക്ക് നീട്ടി. നവീൻബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട്.
25 വെള്ളി
എ.ഡി.എമ്മിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം. പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തി. ദിവ്യ കീഴടങ്ങുമെന്ന് അഭ്യൂഹം.
26 ശനി
പമ്പുടമ പ്രശാന്തിന് സസ്പെൻഷൻ. ദിവ്യയുടെ ജാമ്യം തള്ളിയാൽ തുടർനടപടികളെന്ത് എന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം. ദിവ്യ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.
28 തിങ്കൾ
ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കനക്കുന്നു. ജില്ല പഞ്ചായത്ത് യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. കണ്ണൂർ കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കി.
29 ചൊവ്വ
തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഉച്ചക്കുശേഷം കസ്റ്റഡിയിൽ. രാത്രിയോടെ ജയിലിൽ. 14 ദിവസം റിമാൻഡിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.