ആത്മവിശ്വാസം 100% ; പാതിവഴിയിൽ പഠനം നിർത്തിയ 15 വീട്ടമ്മമാർ ഇനി ബിരുദധാരികൾ
text_fieldsകൊല്ലങ്കോട്: ജീവിതത്തിരക്കുകളിൽ പഠനം മുടങ്ങിയ വീട്ടമ്മമാർ വീണ്ടും ആത്മവിശ്വാസത്തിന്റെ ചിറകിലേറിയപ്പോൾ സ്വന്തമായത് ബിരുദയോഗ്യത. കൊല്ലങ്കോട്ടും പരിസര പഞ്ചായത്തുകളിലുമുള്ള 15 വീട്ടമ്മമാരാണ് പാതിവഴിയിൽ നിർത്തേണ്ടിവന്ന പഠനം തുടർന്ന് സോഷ്യോളജി ബിരുദം കരസ്ഥമാക്കിയത്. കൊല്ലങ്കോട് പഞ്ചായത്തംഗം എൻ. ബിന്ദു, കെ. ജാൻസി, എസ്. സമീന, ആർ. അനു, സി. പ്രസീത, എം. വിലാസിനി, വി. സുരേഖ, എം. ഷൈല, സജിത, രമ്യ, ആർ. ശരണ്യ, എ. ഗൗലത്ത്, എസ്. ശരണ്യ, എസ്. ചന്ദ്രിക, കെ. പുഷ്പ എന്നിവരാണ് ശനി, ഞായർ ദിവസങ്ങളിലെ സൗജന്യ ക്ലാസിലൂടെ സ്വപ്നം സഫലമാക്കിയത്.
കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്, കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവക്ക് കീഴിൽ ഒമ്പത് അധ്യാപകരുടെ പരിശ്രമമാണ് ഇവർക്ക് തുണയായത്.
2024ൽ തുടക്കംകുറിച്ച സ്ത്രീശാക്തീകരണ -ബിരുദ വിദ്യാഭ്യാസ പദ്ധതിയായ ‘ജ്യോതിർഗമയ - സമുന്നതി’യിൽ വീട്ടമ്മമാരെ പഠിപ്പിക്കാൻ മുന്നോട്ടുവന്ന അധ്യാപകർ ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ പറഞ്ഞു.
തുടക്കത്തിൽ 35 പേർ പഠനത്തിന് സന്നദ്ധരായി വന്നെങ്കിലും 15 പേർ മാത്രമാണ് പ്രതിസന്ധികൾ തരണം ചെയ്ത് പഠനം പൂർത്തിയാക്കി കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബി.എ സോഷ്യോളജിയിൽ മികച്ച വിജയം നേടിയത്. അമ്പത് വയസ്സുള്ള പഞ്ചായത്തംഗം എൻ. ബിന്ദുവാണ് സീനിയർ വിദ്യാർഥി. തുടർപഠനത്തിനായി പത്തിലധികം പേർ തയാറായതായി അധ്യാപകൻ അരവിന്ദാക്ഷൻ പറഞ്ഞു. പ്രഫ. ദേവീദാസൻ വെള്ളാട്ട്, രാജൻ ഒന്നൂർപ്പള്ളം, വിദ്യ എസ്. നായർ, സി. ഐശ്വര്യ, വി. അനഖ, റസ് ലിൻ എന്നിവരാണ് മറ്റ് അധ്യാപകർ. കൂടുതൽ പേരുടെ പഠനസ്വപ്നം യാഥാർഥ്യമാക്കി വിജയമധുരം സമ്മാനിക്കാൻ സന്നദ്ധരാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.