ഐ.എ.എസ് തലത്തിൽ അഴിച്ചുപണി; കെ. ബിജു മരാമത്ത് സെക്രട്ടറി, ഡോ. എസ്. ചിത്ര പാലക്കാട് കലക്ടർ
text_fieldsതിരുവനന്തപുരം: 15 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. തുറമുഖ സെക്രട്ടറി കെ. ബിജുവിനെ മരാമത്ത് സെക്രട്ടറിയായും പാലക്കാട് കലക്ടർ ജോഷി മൃൺമയി ഷഷാങ്കിനെ ദേശീയാരോഗ്യ ദൗത്യം ഡയറക്ടറായും നിയമിച്ചു. ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ഡോ. എസ്. ചിത്രയാണ് പുതിയ പാലക്കാട് കലക്ടർ.
സാംസ്കാരിക പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റി. കാർഷിക സെക്രട്ടറി ഡോ. ബി. അശോകിന് കാർഷികകോൽപാദന കമീഷണറുടെ അധിക ചുമതല. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന അശോക് കുമാർ സിങ്ങാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. കോസ്റ്റൽ ഷിപ്പിങ്, ഇൻലാൻഡ് നാവിഗേഷൻ എന്നിവയുടെയും ജലസേചന അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ എം.ഡിയുടെയും അധിക ചുമതലയും നൽകി. സഹകരണ സെക്രട്ടറി മിനി ആന്റണി സംസ്കാരിക വകുപ്പിന്റെ അധിക ചുമതല വഹിക്കും. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക-യുവജനക്ഷേമ സെക്രട്ടറിയാക്കി. നിലവിലെ സെക്രട്ടറി എം. ശിവശങ്കർ ജനുവരി 31ന് വിരമിക്കുന്ന ഒഴിവിലാണിത്. മൃഗസംരക്ഷണം, ക്ഷീര വികസനം, മ്യൂസിയം, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും പ്രണബ് ജ്യോതിനാഥിന് നൽകി.
മരാമത്ത് സെക്രട്ടറി അജിത്കുമാറിനെ തൊഴിൽ സെക്രട്ടറിയാക്കി. സൈനിക ക്ഷേമ അധിക ചുമതല കൂടി നൽകി. തലസ്ഥാന വികസനം -2 പദ്ധതിയുടെ ചുമതല തുടരും. ഗ്രാമ വികസന കമീഷണർ എം.ജി. രാജമാണിക്യത്തിന് റവന്യൂ (ദേവസ്വം) വിന്റെ അധിക ചുമതല കൂടി നൽകി. സർവേ ഡയറക്ടർ ശ്രീറാം സാംബവ റാവുവിനെ മരാമത്ത് ജോ. സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ദേശീയാരോഗ്യ ദൗത്യം ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയായി നിയമിച്ചു. കാർഷിക-കർഷക ക്ഷേമ ഡയറക്ടർ ടി.വി. സുഭാഷിനെ പട്ടികജാതി വകുപ്പ് ഡയറക്ടറാക്കി. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി. പട്ടിക ജാതി ഡയറക്ടർ കെ.എസ്. അഞ്ജുവാണ് കാർഷിക ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.