ബൈക്ക് യാത്രികനെ ഇടിച്ചിട്ട് 15 ലക്ഷം കവർന്ന കേസ്: സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരിന്തല്‍മണ്ണ: ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് കല്ലുവെട്ടുകുഴിയില്‍ മുഹമ്മദ് സുഹൈല്‍ (24), മഞ്ചേരി ആനക്കയം അറക്കല്‍ അബ്ദുൽ കബീര്‍ (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് ബൈക്കില്‍ പോവുകയായിരുന്ന മണലായ സ്വദേശിയായ യുവാവിനെ രണ്ട് ബൈക്കിലായി പിന്തുടര്ന്നെത്തിയ നാലംഗ സംഘം അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിൽ പുത്തനങ്ങാടിക്ക് സമീപം വിലങ്ങിട്ട് തട്ടിവീഴ്ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് യുവാവിന്റെ കൈവശം ബാഗിലുണ്ടായിരുന്ന 15 ലക്ഷം രൂപ കവര്‍ച്ചചെയ്ത് കൊണ്ടുപോയതായാണ് കേസ്. പരാതിക്കാരനില്‍നിന്ന് പ്രതികളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൂത്രധാരനെയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
ആനമങ്ങാട് മുതല്‍ ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ രണ്ടുബൈക്കിലും കാറിലുമായി പിന്തുടര്ന്ന് ബൈക്കുകളില്‍ എത്തിയ സംഘത്തിന് പരാതിക്കാരന് പോവുന്ന റൂട്ട് കൃത്യമായി വിവരം നല്‍കിയത് മുഹമ്മദ് സുഹൈലും കബീറുമായിരുന്നു. മുഹമ്മദ് സുഹൈല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപം സ്വര്‍ണകവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. കബീറിന് പെരിന്തല്‍മണ്ണയില്‍ മോഷണക്കേസും കോട്ടക്കല്‍ സ്റ്റേഷനില്‍ എന്‍.ഡി.പിഎസ് കേസും നിലവിലുണ്ട്.
മറ്റുപ്രതികളെ കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജോ സി. തങ്കച്ചന്, സെബാസ്റ്റ്യന്‍ രാജേഷ്, പ്രദീപന്, വിശ്വംഭരന്, എസ്.സി.പി.ഒ ഗിരീഷ്, സജീര്‍, മിഥുന്, സല്മാന് എന്നിവരും ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.