വൈദ്യുതി ക്ഷാമം രൂക്ഷം; സംസ്ഥാനത്തും നിയന്ത്രണം
text_fieldsതിരുവനന്തപുരം: രാജ്യമാകെ ഉടലെടുത്ത കടുത്ത വൈദ്യുതി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തും നിയന്ത്രണം. വൈകുന്നേരം ആറിനും രാത്രി 11.30നും ഇടയിൽ 15 മിനിറ്റാകും നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. വൈദ്യുതി ലഭ്യതയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവാണ് അനുഭവപ്പെടുന്നത്. രാജ്യമാകെ ക്ഷാമം നിലനിൽക്കുന്നതിനാൽ പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനും പ്രയാസം നേരിടുന്നു. ചൂട് ഉയർന്നു നിൽക്കുന്നതിനാൽ ഉപയോഗം കുത്തനെ കൂടിയിട്ടുണ്ട്.
വ്യാഴാഴ്ചത്തേക്ക് മാത്രമാണ് നിയന്ത്രണമെങ്കിലും ലഭ്യത വർധിച്ചില്ലെങ്കിൽ നീണ്ടേക്കും. നിയന്ത്രണം പരമാവധി കുറയ്ക്കാൻ എല്ലാ ഉപഭോക്താക്കളും വൈകീട്ട് 6.30 മുതല്‍ 11.30 വരെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു. നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രയില്‍നിന്ന് എത്തുകയും കോഴിക്കോട് താപനിലയം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുള്ളില്‍ സാധാരണനില കൈവരുമെന്നാണ് പ്രതീക്ഷ.
ദേശീയതലത്തിൽ ആവശ്യത്തിലും 10.7 ജിഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. കൽക്കരി ലഭ്യതയിലെ കുറവും ആവശ്യം കൂടിയതുമാണ് കാരണം. മധ്യപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, ജമ്മു- കശ്മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്ര സംസ്ഥാനങ്ങളിലും നിയന്ത്രണമുണ്ട്. നിലവിൽ കെ.എസ്.ഇ.ബിയുടെ കരാറുള്ള ദീർഘകാല നിലയങ്ങളിൽ കൽക്കരിക്ഷാമം നേരിടുന്നില്ല. ഇത് സംസ്ഥാനത്തിന് ആശ്വാസമാണ്. വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ നേരിടുന്നതിന് ബദൽ മാർഗം ബോർഡ് തേടുന്നുണ്ട്.
ഏറെനാളായി ഉപയോഗിക്കാത്ത കോഴിക്കോട് ഡീസൽ പ്ലാന്‍റിൽ ഇന്ധനം ശേഖരിക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണ്. ഏറെ നാളായി സംസ്ഥാനം വൈദ്യുതി വാങ്ങാത്ത കായംകുളം എൻ.ടി.പി.സിയിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതും ആലോചിക്കുന്നുണ്ട്. പുറത്തേക്ക് വൈദ്യുതി വിൽപന നിയന്ത്രിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കൂടുതൽ താപവൈദ്യുതി ലഭ്യമായാലേ വിൽപന തുടരൂ.
സംഭരണികളിൽ 37 ശതമാനം വെള്ളം
തിരുവനന്തപുരം: വൈദ്യുതി ബോർഡിന്‍റെ ജലസംഭരണികളിൽ ഇനി 37 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. ഇത് ഉപയോഗിച്ച് 1591.79 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാം. അണക്കെട്ടുകളുടെ അടിഭാഗത്തായതായതിനാൽ വെള്ളം പൂർണമായി ഉപയോഗിക്കാനാകില്ല. ബുധനാഴ്ച 6.76 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇക്കുറി മികച്ച മഴ ലഭിച്ചിരുന്നു. എന്നാൽ, കാലവർഷം തുടക്കത്തിൽ 20 ശതമാനം വരെ കുറയുമെന്ന മുന്നറിയിപ്പും ഗൗരവമുള്ളതാണ്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 41 ശതമാനം വെള്ളമുണ്ട്. രണ്ടാമത്തെ വലിയ പദ്ധതി പമ്പ കക്കിയിൽ 37 ശതമാനവും. ഷോളയാർ 14, ഇടമലയാർ 36, കുണ്ടള 93, മാട്ടുപ്പെട്ടി 39, കുറ്റ്യാടി 45, താരിയോട് 22, ആനയിറങ്കൽ 11, പൊന്മുടി 47, നേരിയമംഗലം 50, പെരിങ്ങൽ 40, ലോവർ പെരിയാർ 62 എന്നിങ്ങനെയാണ് മറ്റ് പദ്ധതികളിലെ ബുധനാഴ്ചത്തെ ജലനിരപ്പ്. സംസ്ഥാനത്തെ ബുധനാഴ്ചത്തെ വൈദ്യുതി ഉപഭോഗം 92.04 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 59.98 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. സംസ്ഥാനത്തെ ഉൽപാദനം 32.05 ദശലക്ഷം യൂനിറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.