15 സംസ്ഥാനങ്ങളിൽ മലയാളിക്ക് റേഷൻ
text_fieldsതിരുവനന്തപുരം: കേരളത്തിനുപുറെമ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശമായ ദാദ്ര-നാഗർ ഹവേലി ആൻഡ് ദാമൻ-ദിയുവിൽ നിന്നും മലയാളികൾക്ക് ഇനി റേഷൻ വാങ്ങാം.
കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങൾക്ക് പുറമെയാണ് ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളെക്കൂടി ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയിലേക്ക് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക് കേരളത്തിൽനിന്ന് റേഷൻ വാങ്ങാനാകും.
എന്നാൽ ഈ ആനുകൂല്യം മുൻഗണനാവിഭാഗത്തിനും (ചുവപ്പ് കാർഡ്), എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിനും മാത്രമായിരിക്കും ലഭിക്കുക. പൂർണമായും ആധാർ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷൻ നൽകുന്നത് എന്നതുകൊണ്ടുതന്നെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. മുൻഗണനേതര വിഭാഗം (വെള്ളക്കാർഡ്), മുൻഗണനേതര സബ്സിഡി വിഭാഗം (നീലക്കാർഡ്) എന്നിവർക്ക് കേരളത്തിൽ നിന്നുമാത്രമേ റേഷൻ ലഭിക്കൂ. ജോലിക്കും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറി പോയവർക്കാണ് ഈ മാറ്റം ഏറ്റവും പ്രയോജനകരം.
ലോക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി ലോക്ഡൗൺ കാലത്ത് നടപ്പാക്കുന്നതിനെപ്പറ്റി സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ഏപ്രിൽ 28ന് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നാല് സംസ്ഥാനങ്ങളെക്കൂടി പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.