ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
text_fieldsപത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. ഇരയായ പെൺകുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി ജില്ലക്കാരനായ രാജനെ (39) ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനൽ ഒന്നാം നമ്പർ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കരാണ് വിധിപറഞ്ഞത്.
2009ൽ ആണ് കേസിനാധാരമായ സംഭവം. വീടിനുസമീപത്തെ പള്ളിയുടെ പണിക്കുവന്ന രാജൻ എന്നയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. വിചാരണവേളയിൽ പെൺകുട്ടി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും പരിശോധിച്ച ഡോക്ടറോട് പറഞ്ഞ മൊഴിയും ഗർഭഛിദ്രം നടത്തുന്നതിന് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞു.
കോടതിയിൽ കളവായി മൊഴി പറഞ്ഞ ഇരക്കെതിരെ ക്രിമിനൽ നടപടി നിയമപ്രകാരം ശിക്ഷനടപടി സ്വീകരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. പ്രായം പരിഗണിച്ചും രണ്ടുവയസ്സുള്ള കുട്ടിയുമൊത്ത് കുടുംബജീവിതം നയിക്കുന്നതിനാലും നടപടി ഒഴിവാക്കുന്നതായി വിധിന്യായത്തിൽ കോടതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.